

ഇടുക്കി: അടിമാലി കൂമ്പൻപാറ ലക്ഷംവീട് ഉന്നതിയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ അടിമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.(Adimali landslide, unnatural death case filed)
ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഉന്നതി കോളനിയെ ഏതാണ്ട് പൂർണ്ണമായി തുടച്ചുനീക്കിയ വൻ മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയപാതയോരത്തുള്ള കൂറ്റൻ കുന്ന് അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ബിജുവിൻ്റേത് ഉൾപ്പെടെ ആറ് വീടുകൾ മണ്ണിനടിയിലായി.
മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഉന്നതിയിലെ 22 കുടുംബങ്ങളെ അധികൃതർ മുൻപേ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇത് ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചു. എന്നാൽ, മാറ്റിപ്പാർപ്പിച്ച ശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്കായി വീട്ടിലേക്ക് തിരികെ എത്തിയ ബിജു (43), ഭാര്യ സന്ധ്യ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഇരുവർക്കുവേണ്ടി അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് നടത്തിയത്. പുലർച്ചെ 3.30-ഓടെ സന്ധ്യയെ ജീവനോടെ പുറത്തെടുത്ത് രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പുലർച്ചെ 4.30-ഓടെയാണ് ബിജുവിന്റെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നടന്ന അശാസ്ത്രീയമായ മണ്ണെടുപ്പാണ് അപകടത്തിന് കാരണമെന്ന് പ്രദേശത്ത് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, സ്ഥലത്ത് ദേശീയപാതയുടെ നിർമ്മാണം നടന്നിട്ടില്ലെന്ന് പറഞ്ഞ് ദേശീയപാത അതോറിറ്റി (NHAI) കൈയൊഴിഞ്ഞു.
മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നുവെന്നും, ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിനായി വീട്ടിൽ പോയപ്പോഴാണെന്നുമാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.