അടിമാലി മണ്ണിടിച്ചിൽ: മരിച്ച ബിജുവിൻ്റെ സംസ്കാരം ഇന്ന്; ചികിത്സയിലുള്ള ഭാര്യയെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ശ്രമം | Adimali landslide

അടിമാലി മണ്ണിടിച്ചിൽ: മരിച്ച ബിജുവിൻ്റെ സംസ്കാരം ഇന്ന്; ചികിത്സയിലുള്ള ഭാര്യയെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ശ്രമം | Adimali landslide
Published on

അടിമാലി (ഇടുക്കി): കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുപ്പ് നടന്ന അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിൻ്റെ (53) സംസ്കാര ചടങ്ങുകൾ ഇന്ന് (ഞായറാഴ്ച) നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തറവാട് വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അപകടം നടന്ന ലക്ഷം വീടിന് സമീപത്താണ് തറവാട് വീട് സ്ഥിതി ചെയ്യുന്നത്.

കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുപ്പ് നടന്ന അടിമാലി കൂമ്പൻപാറയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.കുന്നിടിഞ്ഞ് റോഡിന് താഴെയുള്ള നാല് വീടുകൾക്ക് മുകളിൽ പതിച്ചു.ലക്ഷം വീട് നിവാസിയായ ബിജുവിനെയും ഭാര്യ സന്ധ്യയെയും രക്ഷിക്കാൻ ആറര മണിക്കൂർ നീണ്ട പരിശ്രമം വേണ്ടിവന്നു. ബിജുവിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ശനിയാഴ്ച പകൽ ഉന്നതി കോളനിക്ക് മുകൾ ഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. അവശ്യസാധനങ്ങൾ എടുക്കുന്നതിനായി ബിജുവും സന്ധ്യയും വീട്ടിലെത്തിയപ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടായത്.ബിജു-സന്ധ്യ ദമ്പതികളുടെ മകൻ ഒരു വർഷം മുമ്പ് അർബുദം ബാധിച്ച് മരിച്ചിരുന്നു.

കാലിന് ഗുരുതര പരിക്കേറ്റ സന്ധ്യ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷം, സന്ധ്യയെ സംസ്കാര ചടങ്ങിൽ പങ്കെടുപ്പിക്കാനായി കൂമ്പൻപാറയിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.അതേസമയം, കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയായ മകൾ അടിമാലിയിൽ എത്തേണ്ടതുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൈമാറുന്ന മൃതദേഹം ബന്ധുക്കൾ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Related Stories

No stories found.
Times Kerala
timeskerala.com