അടിമാലി മണ്ണിടിച്ചിൽ ദുരന്തം : താൽക്കാലിക ക്വാർട്ടേഴ്സിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും സർക്കാർ കൈവിട്ടുവെന്നും പരാതി | Adimali landslide

ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം
Adimali landslide, Complaint alleges lack of basic facilities in temporary quarters
Published on

ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ വീട് നഷ്ടപ്പെട്ട ദുരന്തബാധിതരെ സർക്കാർ കൈവിട്ടതായി പരാതി. താൽക്കാലിക പുനരധിവാസത്തിനായി അനുവദിച്ച കെ.എസ്.ഇ.ബി. ക്വാർട്ടേഴ്സുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും, പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തതുമാണ് ദുരിതബാധിതരെ വലയ്ക്കുന്നത്. വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്.(Adimali landslide, Complaint alleges lack of basic facilities in temporary quarters)

ദുരന്തബാധിതർക്ക് താൽക്കാലിക അഭയം നൽകിയിരിക്കുന്നത് കത്തിപ്പാറയിലെ കെ.എസ്.ഇ.ബി. ക്വാർട്ടേഴ്സിലാണ്. ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ പോലും പൂർത്തിയാക്കാതെയാണ് താമസം ഒരുക്കിയിരിക്കുന്നത്. ചെറുമഴ പെയ്താൽ പോലും ചോർന്നൊലിക്കുന്ന മേൽക്കൂരയും അടച്ചുറപ്പില്ലാത്ത കെട്ടിടവുമാണ് ക്വാർട്ടേഴ്സുകളുടെ അവസ്ഥ.

ചോർച്ച തടയാനായി മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയതൊഴിച്ചാൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ആകെ എട്ട് ക്വാർട്ടേഴ്സുകളിൽ രണ്ടെണ്ണത്തിന് മാത്രമാണ് കാര്യമായ പ്രശ്നങ്ങളില്ലാത്തത്.

അപകടത്തിൽ ഭർത്താവ് ബിജുവും ഒരു കാലും നഷ്ടപ്പെട്ട സന്ധ്യക്ക് പുനരധിവാസം ഒരുക്കിയിരിക്കുന്നതും ഈ ക്വാർട്ടേഴ്സിലാണ്. നേരെയൊരു നടവഴിപോലുമില്ലാത്ത സ്ഥലത്ത് എങ്ങനെ കഴിയുമെന്നാണ് സന്ധ്യയുടെ ചോദ്യം. എത്തിച്ചേരാനുള്ള വഴിയോ, അടച്ചുറപ്പുള്ള കിടപ്പാടമോ ഇല്ലാതെ പ്രായമായവരുൾപ്പെടെയുള്ളവർ ഇവിടെ കഷ്ടപ്പെടുകയാണ്.

"താൽക്കാലികമായി താമസത്തിന് അനുവദിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് വലിയ ബുദ്ധിമുട്ടാണ്. സർക്കാർ പ്രഖ്യാപിച്ച ധനസഹായം പോലും ഇതുവരെ കൈമാറിയിട്ടില്ല," ദുരന്തബാധിതർ പരാതിപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഉറപ്പാക്കി, ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com