ഇടുക്കി: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിൻ്റെ (48) കുടുംബപശ്ചാത്തലം അതിദാരുണമാണെന്ന് ബന്ധുക്കൾ. ഒരു വർഷം മുമ്പാണ് ബിജുവിൻ്റെ മകൻ കാൻസർ ബാധിച്ച് മരണപ്പെട്ടത്. ആ വേദനകളിൽ നിന്ന് കുടുംബം കരകയറുന്നതിനിടെയാണ് പുതിയ ദുരന്തം.(Adimali landslide, Biju's son died of cancer a year ago)
തടിപ്പണിക്കാരനായ ബിജു, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മകളെ കോട്ടയത്ത് നഴ്സിങ് വിദ്യാർത്ഥിനിയായി പഠിപ്പിക്കുന്നുണ്ടായിരുന്നു. മറ്റു വരുമാന മാർഗ്ഗങ്ങളില്ലാത്ത ഈ കുടുംബത്തിന് ആകെയുണ്ടായിരുന്നത് 15 സെന്റ് സ്ഥലവും അതിൽ പത്തുവർഷം മുമ്പ് വെച്ച വീടുമാണ്. റോഡിൻ്റെ പണി വന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്താണ് ഇന്നലെ രാത്രി 10.30 കഴിഞ്ഞയുടൻ വൻ മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ വിള്ളലുണ്ടായിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിച്ചു. മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകൾ തകർന്നു.
ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തുനിന്ന് 25 ഓളം കുടുംബങ്ങളെ നേരത്തെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ക്യാമ്പിലായിരുന്ന ബിജുവും ഭാര്യ സന്ധ്യയും പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിനായി വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം നടന്നത്.
വീട് തകർന്ന് കോൺക്രീറ്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ബിജുവിനെയും സന്ധ്യയെയും അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ആദ്യം സന്ധ്യയെ ആണ് പുറത്തെടുത്തത്. സന്ധ്യയെ രക്ഷപ്പെടുത്തി ഒരു മണിക്കൂറിന് ശേഷമാണ് രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ബിജുവിനെ പുറത്തെടുക്കാനായത്. പുറത്തെടുക്കുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്ന ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. സന്ധ്യയ്ക്ക് ശ്വാസതടസ്സമുണ്ടെങ്കിലും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്ന് രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.