
ബിഗ് ബോസ് ഹൗസിൽ സന്തോഷം നിറച്ച് പിറന്നാൾ, വിവാഹവാർഷികാഘോഷങ്ങൾ. ആദിലയുടെ പിറന്നാളും ബിന്നിയുടെ വിവാഹവാർഷികവും ഒരു ദിവസമായിരുന്നു. ഇരുവർക്കും ബിഗ് ബോസ് രണ്ട് കേക്കുകൾ നൽകി. ഇത് മുറിച്ചാണ് ഹൗസ്മേറ്റ്സ് വിശേഷ ദിവസം ആഘോഷിച്ചത്. ആദിലയ്ക്കും ബിന്നിയ്ക്കും പുറത്തുനിന്ന് ആശംസകളുമെത്തി.
കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡിന് ശേഷം നൂറ തന്നെ ആദിലയുടെ ജന്മദിനത്തെപ്പറ്റി ബിഗ് ബോസിനോട് സൂചിപ്പിച്ചിരുന്നു. ഒരു കേക്ക് നൽകണമെന്നും ബിഗ് ബോസിൽ ഇത് ആദ്യ ജന്മദിനമാണെന്നും നൂറ പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് ബിഗ് ബോസ് കേക്ക് നൽകിയത്.
ആദിലയ്ക്ക് ജന്മദിനാശംസകളുമായി ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും നടിയുമായ ശീതൾ ശ്യാം, ബിഗ് ബോസ് മത്സരാർത്ഥികളും എൽജിബിടിക്യു കമ്മ്യൂണിറ്റി അംഗങ്ങളുമായ നാദിയ മെഹ്റിൻ, അപർണ മൾബറി, ദിയ സന എന്നിവർ വിഡിയോ സന്ദേശങ്ങളയച്ചു. ഇത് ലിവിങ് റൂമിലെ ടെലിവിഷനിൽ പ്ലേ ചെയ്തു.
ബിന്നിയുടെ മൂന്നാം വിവാഹ വാർഷികത്തിന് ഭർത്താവ് നൂബിൻ ജോണിയുടെ ശബ്ദസന്ദേശമാണ് കേൾപ്പിച്ചത്. ദൃശ്യങ്ങൾ കാണിക്കുമെന്ന് കരുതി ബിന്നി ടെലിവിഷന് മുന്നിൽ ചെന്ന് നിന്നെങ്കിലും ശബ്ദസന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതേസമയം, ഇനി ആദിലയും നൂറയും രണ്ട് മത്സരാർത്ഥികളായിരിക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. ഇരുവരും ഒരു മത്സരാർത്ഥിയായാണ് ഇതുവരെ കളിച്ചിരുന്നത്. എന്നാൽ, ഇനി രണ്ടുപേരും രണ്ടായി കളിക്കണമെന്ന് ബിഗ് ബോസ് നിർദ്ദേശിച്ചു.