
ബിഗ് ബോസ് ഫാമിലി വീക്കിൽ ഹൗസിലെത്തിയ ലക്ഷ്മിയുടെ അമ്മ ലതയെ വിമർശിച്ച് സോഷ്യൽ മീഡിയ. ആദിലയെയും നൂറയെയും ലക്ഷ്മി വീട്ടിൽ കയറ്റില്ലാത്തതിനാൽ സിറ്റൗട്ടിൽ ഇരിക്കാമെന്ന ലതയുടെ പരാമർശത്തെയാണ് സമൂഹമാധ്യമങ്ങൾ വിമർശിക്കുന്നത്. മകളെപ്പോലെ അമ്മയ്ക്കും ഹോമോഫോബിയ ഉണ്ടെന്ന് സമൂഹമാധ്യമങ്ങൾ ആരോപിക്കുന്നു.
ബിബി ഹൗസിൽ ലക്ഷ്മിയുടെയും നെവിൻ്റെയും ഒനീലിൻ്റെയും കുടുംബം ഒരുമിച്ചാണ് എത്തിയത്. ലക്ഷ്മിയുടെ അമ്മ മാത്രമാണ് വന്നത്. ഒനീലിൻ്റെ അമ്മയും സഹോദരനും വന്നു. നെവിൻ്റെ അമ്മയും സഹോദരിയുമാണ് വീട്ടിലെത്തിയത്. തുടർന്ന് എല്ലാവരോടും സ്വയം പരിചയപ്പെടുത്താൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇങ്ങനെ പരിചയപ്പെടുത്തുന്നതിനിടെയാണ് ലക്ഷ്മിയുടെ അമ്മ ലതയുടെ പ്രസ്താവന.
“ഞാൻ ലക്ഷ്മിയുടെ അമ്മ. ടീച്ചറാണ്. എല്ലാവരെയും അമ്പലപ്പുഴയിലെ എൻ്റെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ആദില, നൂറ. ഇവൾ വീട്ടിൽ കേറ്റുന്നതിന് എതിരാണെങ്കിലും നിങ്ങൾ സിറ്റൗട്ടിൽ ഇരുന്നാൽ മതി. ഓരോരുത്തർക്കും ഓരോ വ്യക്തിത്വമുണ്ടല്ലോ. ഓരോ അഭിപ്രായങ്ങളുണ്ട്. എൻ്റെ ഇളയ കുഞ്ഞ് പാർവതിയെപ്പോലെയാണ് നൂറ. ഒത്തിരി സ്നേഹം.”- ലത പറഞ്ഞു.
ഇതിന് ശേഷം ഹൗസ്മേറ്റ്സ് സംസാരിച്ചുകൊണ്ടിരിക്കെ ആദില ഇക്കാര്യം ലതയോട് ചോദിച്ചു. സിറ്റൗട്ടിൽ ഇരിക്കാമെന്ന് പറഞ്ഞത് എന്താണ് ആൻ്റീ എന്ന് ആദില ചോദിച്ചപ്പോൾ താൻ തമാശ പറഞ്ഞതാണെന്നായിരുന്നു ലതയുടെ മറുപടി. വിഷയത്തിൽ ഒനീൽ, അക്ബർ, ഷാനവാസ് എന്നിവർ ചേർന്നും ലതയെ വിമർശിച്ച് സംസാരിച്ചു. ഹൗസിനുള്ളിലും പുറത്തും ലതയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്.