
ബിഗ് ബോസിൽ നിന്ന് നെവിൻ ക്വിറ്റ് ചെയ്തു എന്ന് സൂചിപ്പിക്കുന്ന പ്രൊമോ വിഡിയോ പുറത്ത്. തനിക്ക് ക്വിറ്റ് ചെയ്യണം എന്ന നെവിൻ്റെ ആവശ്യപ്രകാരം ബിഗ് ബോസ് പ്രധാന വാതിൽ തുറന്നുനൽകുന്നതും നെവിൻ അവിടേക്ക് പോകുന്നതും പ്രൊമോ വിഡിയോയിൽ കാണാം. അനുമോളുമായുള്ള വഴക്കാണ് നെവിൻ ക്വിറ്റ് ചെയ്യാനുള്ള കാരണം എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, പുറത്തുവന്ന പ്രൊമോയിൽ ആദിലയും നൂറയും നെവിനോട് ദേഷ്യപ്പെടുന്നതായി കാണുന്നുണ്ട്.
“നെവിൻ എന്താണ് അല്പം മുൻപ് ക്യാമറയുടെ മുന്നിൽ വന്ന് പറഞ്ഞത്”? എന്ന് ബിഗ് ബോസ് ചോദിക്കുന്നു. താൻ ഈ ഷോയിൽ നിന്ന് ക്വിറ്റ് ചെയ്ത് പൊക്കോളാം എന്ന് മറുപടി പറയുമ്പോൾ, 'തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ?' എന്ന് ബിഗ് ബോസ് തിരികെ ചോദിക്കുന്നു. 'ഉറച്ചുനിൽക്കുന്നു' എന്ന് നെവിൻ പറയുന്നു. 'അങ്ങനെയെങ്കിൽ പുറത്തുപോകാനായി പ്രധാന വാതിൽ തുറന്നു തരുന്നതാണ്' എന്ന് ബിഗ് ബോസ് അറിയിക്കുന്നു. ഇതോടെ നെവിൻ പുറത്തേക്ക് നടക്കുന്നു. മറ്റുള്ളവർ, 'പോകരുത്' എന്ന് പറയുമ്പോൾ ആദിലയും നൂറയും, 'നെവിൻ പുറത്ത് പോകൂ' എന്ന് പറയുന്നത് പ്രൊമോയിൽ കാണാം.
ഫാഷൻ കൊറിയോഗ്രാഫറായ നെവിൻ, ഹൗസിൽ സജീവമായ മത്സരാർത്ഥിയായിരുന്നു. കിച്ചണിലെ സാധനങ്ങൾ മോഷ്ടിക്കുന്ന ശീലം ഉണ്ടായിരുന്നെങ്കിലും വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ മുന്നറിയിപ്പ് നൽകിയതോടെ ഇത് തിരുത്താൻ നെവിൻ തയ്യാറായി. നിലവിൽ വീട്ടിലെ രണ്ട് സ്വേഛാധിപതികളിൽ ഒരാളാണ് നെവിൻ. ജിസേലാണ് മറ്റൊരു സ്വേഛാധിപതി. അനുമോളും നെവിനുമായി പലതവണ വഴക്കുണ്ടായിരുന്നു. കിച്ചണുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്. സ്വേഛാധിപതിയാണെങ്കിലും നെവിനെ അനുസരിക്കാൻ അനുമോൾ തയ്യാറായിരുന്നില്ല.