
തിരുവനന്തപുരം: തൃശൂർപൂരം കലക്കിയെന്നും ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്നും എ.ഡി.ജി.പി അജിത് കുമാറിനെതിരെ റിപ്പോർട്ട് വന്നിട്ടും സ്ഥാനത്തുനിന്ന് നീക്കാതെ സംരക്ഷിക്കുന്നത് ആർ.എസ്.എസിന്‍റെ നിർദ്ദേശം നടപ്പിലാക്കാൻ വേണ്ടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വർക്കല മൈതാനം ഗ്രൗണ്ടിൽ വെൽഫെയർ പാർട്ടി വർക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "കേരളത്തെ സംഘപരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ല" എന്ന തലക്കെട്ടിൽ ജനകീയ പ്രതിരോധ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഈ കണ്ണിൽ പൊടിയിടൽ തന്ത്രം വിശ്വസിക്കാൻ ഗോവിന്ദൻ മാസ്റ്ററും ബിനോയ് വിശ്വവുമല്ലാതെ സാധാരണക്കാരായ സഖാക്കളെയോ കേരളീയ പൊതുസമൂഹത്തെയോ കിട്ടില്ല എന്ന് പിണറായിയും കൂട്ടരും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മതേതര സാമൂഹികക്രമത്തെ വർഗീയവൽക്കരിക്കുവാനുള്ള ആർ.എസ്.എസിന്റെ ഗൂഡനീക്കങ്ങൾ പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് നടത്തിക്കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.