
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്തമായി സംഘടിപ്പിച്ച ‘ആദരാർപ്പണം’ കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ നടന്നു. പണ്ഡിത ദമ്പതികളായ ഡോ. കെ. ജി. പൗലോസ്, പ്രൊഫ. ടി. കെ. സരള എന്നിവരെ പരിപാടിയിൽ ആദരിച്ചു. സിൻഡിക്കേറ്റ് അംഗവും ആയുർവേദ വിഭാഗം പ്രൊഫസർ ഇൻ ചാർജ്ജുമായ ഡോ. എം. സത്യൻ അധ്യക്ഷനായിരുന്നു. വൈസ് ചാൻസലർ ഡോ. കെ. കെ. ഗീതാകുമാരി ‘ആദരാർപ്പണം’ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. എം. വാരിയർ മുഖ്യപ്രഭാഷണം നടത്തി. ‘കൈക്കുളങ്ങര രാമവാരിയർ – പ്രജ്ഞയും പ്രതിഭയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. കെ. ജി. പൗലോസ് നിർവ്വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു പുസ്തകം ഏറ്റുവാങ്ങി. കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി. എസ്. മാധവൻകുട്ടി, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വി. ലിസി മാത്യു, ഡോ. ടി. മിനി, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, പി. കെ. ഉഷ, ഡോ. കെ. ജി. പൗലോസ്, പ്രൊഫ. ടി. കെ. സരള, ഡോ. കെ. യമുന, ഡോ. കെ. മുരളി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ‘ആയുർവേദം ഒരു ജ്‍ഞാന വ്യവസ്ഥ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിന്റെ ആദ്യ സെഷനിൽ ഡോ. സൂസൻ തോമസ് അധ്യക്ഷയായിരുന്നു. ഡോ. എം. വി. വിനോദ് കുമാർ, ഡോ. എ. കെ. അനൂപ്, ഡോ. പി. കവിത എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രണ്ടാമത്തെ സെഷനിൽ ഡോ. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. ഡോ. കെ. ഇ. ഗോപാലദേശികൾ, ഡോ. ശ്രീദേവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.