

രാജ്യത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. പല ഭാഷകളിലായി സൂപ്പർ സ്റ്റാർ അവതരിപ്പിക്കുന്ന ഷോയ്ക്ക് ആരാധകരും ഏറെയാണ്. ഇതിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർത്ഥികൾക്ക് വലിയ തുകയാണ് പ്രതിഫലമായി ലഭിക്കുന്നത്. സാധാരണക്കാർ മുതൽ താരങ്ങൾ വരെ ഇതിൽ മത്സരാർത്ഥികളായി എത്തിയിട്ടുണ്ട്. ബിഗ് ബോസിൽ നിന്ന് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി ഷീല.
ബിഗ് ബോസ് എന്താണെന്ന് അറിയില്ലെന്നും ഞാൻ വരാമെന്ന് പറഞ്ഞുവെന്നുമാണ് ഷീല പറയുന്നത്. ഞാൻ, ജയഭാരതി, ഉർവശി, ശാരദ, അംബിക തുടങ്ങിയ വലിയ ആർട്ടിസ്റ്റുകളെ വെച്ച് നടത്താനിരുന്നതാണെന്നും താരം പറയുന്നു. ഒരു തമിഴിന് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ബിഗ് ബോസിനെക്കുറിച്ച് പറഞ്ഞത്.
"ഇത്രയും പണം തരാമെന്നും പറഞ്ഞു. എന്നാൽ ഞാൻ കുറച്ച് നിബന്ധനകൾ മുന്നോട്ട് വച്ചു' എന്നാണ് താരം പറയുന്നത്. "എനിക്ക് ഒറ്റയ്ക്ക് മുറി വേണം, ടച്ചപ്പിന് കൂടെ ആൾ വേണം, കൂടെ ഒരു സ്ത്രീ വരും, എനിക്ക് വേണ്ട ഭക്ഷണം അവരുണ്ടാക്കും എന്നീ നിബന്ധനകൾ പറഞ്ഞു." എന്നാണ് ഷീല പറയുന്നത്. ഇത് കേട്ട്, 'ഇത് ഷീല ബിഗ് ബോസ്' ആണെന്നാണ് അവതാരിക പറയുന്നത്.
"ബിഗ് ബോസിനെക്കുറിച്ച് ഒന്നും അറിയാതെയാണ് നിബന്ധനകൾ വെച്ചത്. ബിഗ് ബോസിൽ എല്ലാവരും ഒരു റൂമിൽ കിടക്കണം. അതൊന്നും എനിക്ക് പറ്റില്ല." - നടി വ്യക്തമാക്കി. "ഞാൻ പോകാം. പക്ഷേ, രാവിലെ പോയി വൈകിട്ട് എനിക്ക് തിരിച്ചുവരണം. 120 ദിവസം അവിടെ നിൽക്കണമെങ്കിൽ 120 കോടി എനിക്ക് തരണം. എന്നാൽ വരാം." - ഷീല തമാശയോടെ പറഞ്ഞു.