തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്ന് നടി റിനി ആൻ ജോർജ്. താൻ അഭിമുഖത്തിൽ യാദൃശ്ചികമായാണ് കാര്യങ്ങൾ പറഞ്ഞത്. എന്നാൽ പൊലീസ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടിയാൽ നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു റിനിയുടെ മറുപടി.
അതേസമയം,താൻ നടത്തിയ വെളിപ്പെടുത്തലുകളുടെ പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഗൂഢാലോചനയാണെന്ന ആരോപണം ഏറെ വേദനിപ്പിച്ചുവെന്ന് നടി. ഉള്ളിൽ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങൾ പറഞ്ഞതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
റിനിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം....
ചില സംഭവങ്ങൾ നമ്മുടെ കൈപ്പിടിയിൽ നിൽക്കാതെ വല്ലാത്ത മാനങ്ങൾ സൃഷ്ടിച്ച് പരിണമിക്കാറുണ്ട്. ഈയിടെ എനിക്കും അത്തരം ഒരു അനുഭവമുണ്ടായി. സാമൂഹ്യജീവി എന്ന നിലയിൽ പൊതുഇടങ്ങളിൽ ഇടപെടുമ്പോൾ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തിൽ ശ്രമിച്ചത്. അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. എന്നാൽ അതിനു പിന്നിൽ പതിവ് ഗൂഢാലോചന സിദ്ധാന്തം ഉന്നയിക്കുകയും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചില കേന്ദ്രങ്ങൾ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്.
ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ ? ഉള്ളിൽ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങൾ പറഞ്ഞത്. അതുകൊണ്ട് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാൻ.
അത്തരക്കാർ പറ്റുമെങ്കിൽ ഒന്നു കൂടി ചിലപ്പതികാരം വായിക്കുക. എന്റെ വാക്കുകൾ എന്റേത് മാത്രമാണ്. ഒരു ഗൂഡാലോചന സിദ്ധാന്തവും ഇവിടെ വർക്ക് ഔട്ട് ആവുകയില്ല... റിനി ആൻ ജോർജ്