വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടി മഞ്ജു വാര്യര്‍ |Manju warrier

വി എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു.
manju warrier
Published on

തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടി മഞ്ജു വാര്യര്‍.പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാൽപാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റില്‍ മഞ്ജു വാര്യര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...

വി എസ് അച്യുതാനന്ദന്‍റെ കാല്‍പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാൽപാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.

അതേസമയം, വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

Related Stories

No stories found.
Times Kerala
timeskerala.com