സ്ത്രീത്വത്തെ അപമാനിക്കൽ: സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും | Insulting femininity

ഇന്നലെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ സനൽകുമാറിനെ എളമക്കര പൊലീസ് എത്തി രാത്രി കസ്‌റ്റഡിയിലെടുത്തിരുന്നു
Sanalkumar
Published on

കൊച്ചി: നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിക്കും. ലുക്ക്ഔട്ട് നോട്ടിസിനെ തുടർന്നു മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ ഇയാളെ എളമക്കര പൊലീസ് എത്തി ഇന്നലെ രാത്രി കസ്‌റ്റഡിയിലെടുത്തിരുന്നു. നടി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസിനെ തുടർന്നാണ് ഇന്നലെ സനൽകുമാറിനെ വിമാനത്താവളത്തിൽ തടഞ്ഞത്‌. സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുത്ത് ഇന്നു കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ 4നു മുംബൈയിലെത്തിയ അയാളെ പിന്നീടു തൊട്ടടുത്ത സഹാർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

പിന്തുടർന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്‌. സിറ്റി പൊലീസ് കമ്മിഷണർക്ക് നടി ഇ– മെയിലിൽ നൽകിയ പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ നടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കേസെടുക്കുമ്പോൾ സനൽകുമാർ യുഎസിൽ ആയിരുന്നു. സനൽകുമാർ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണു വിമാനത്താവളത്തിൽ തടഞ്ഞത്. നടിയെ പരാമർശിച്ചും ടാഗ്‌ ചെയ്തും സനൽകുമാർ ഒട്ടേറെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഇതിനുമുമ്പ് ഇയാൾക്കെതിരെ നൽകിയ പരാതി നിലനിൽക്കെ, വീണ്ടും പിന്തുടർന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്. 2022ൽ സനൽകുമാറിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം, ഏതു കേസിലാണു നടപടിയെന്നു വ്യക്തതയില്ലെന്ന് സനൽകുമാർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com