

കൊച്ചി: പലതരത്തിലുള്ള സമ്മിശ്ര വികാരങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഇപ്പോൾ നിശബ്ദമായൊരു പോരാട്ടത്തിലാണ് താനെന്നും നടി ഭാവന. കഴിഞ്ഞ ഒന്നര മാസക്കാലം പുറംലോകവുമായി ബന്ധമില്ലാതെ ഒരു 'സേഫ്റ്റി ബബിളിനുള്ളിൽ' ആയിരുന്നുവെന്നും കുടുംബത്തെയും സുഹൃത്തുക്കളെയും അല്ലാതെ മറ്റാരെയും കണ്ടിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.
"ചില ദിവസങ്ങളിൽ എല്ലാം ശരിയായിരിക്കും, എന്നാൽ ചിലപ്പോൾ അങ്ങനെയല്ല. ഒറ്റവാക്കിൽ പറയാൻ ബുദ്ധിമുട്ടാണ്. ശരിക്കും പറഞ്ഞാൽ ഒരു നിശബ്ദ പോരാട്ടം തന്നെയാണിത്."വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയതുകൊണ്ടാകാം എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ശ്രമിക്കുന്ന ഒരു രീതി തനിക്കുണ്ട്. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ വലിയ വിഷമങ്ങൾക്കിടയിലും ചിരിക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും അത് ബോധപൂർവമല്ലെങ്കിലും തന്റെ ഉള്ളിലുണ്ടെന്നും ഭാവന പറഞ്ഞു.
"ഒന്നര മാസം ഞാൻ എന്നെത്തന്നെ അടച്ചിട്ടു. ആരും എന്നെ ജഡ്ജ് ചെയ്യില്ലെന്ന് ഉറപ്പുള്ള കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ കണ്ടിരുന്നുള്ളൂ. പുറത്തിറങ്ങാൻ പേടിയായിരുന്നു. എന്നാൽ എന്നെങ്കിലും പുറത്തിറങ്ങിയേ മതിയാകൂ എന്ന് അറിയാമായിരുന്നു."
ഈ അഭിമുഖത്തിന് എത്തിയപ്പോഴും താൻ ബ്ലാങ്ക് ആയ അവസ്ഥയിലായിരുന്നുവെന്നും നെഞ്ചിടിപ്പ് (Palpitation) അനുഭവപ്പെട്ടുവെന്നും താരം പറഞ്ഞു.
എന്നാൽ തന്റെ സിനിമയായ 'അനോമി'യിൽ വലിയ വിശ്വാസമുണ്ടെന്നും ആ ടീമിനെ കൈവിടാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് പ്രമോഷൻ പരിപാടികൾക്ക് എത്തിയതെന്നും ഭാവന വ്യക്തമാക്കി.കഠിനമായ സാഹചര്യങ്ങളിലും തന്റെ കരിയറിനോടുള്ള ഭാവനയുടെ പ്രതിബദ്ധതയെ പ്രശംസിക്കുകയാണ് ആരാധകർ.