
കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണ കോടതി വീണ്ടും പരിഗണിക്കും. കൊച്ചിയിലെ വിചാരണ കോടതിയാണ് വിധി പ്രഖ്യാപനം കാത്തിരിക്കുന്ന കേസ് വീണ്ടും പരിഗണിക്കുന്നത്. കേസില്‍ ഇതിനോടകം തന്നെ അന്തിമ വാദം പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണമാണ് നടക്കുന്നത്. ഇതിനായാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ഇതിനുശേഷം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ക്വട്ടേഷന്‍ ബലാത്സംഗമായിരുന്നു ഇത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ നേതാവ് പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപാണ് എട്ടാം പ്രതി. ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസില്‍ലെ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തോളം ജയിലിലായിരുന്നു ദിലീപ്. പിന്നീട് ജാമ്യത്തിലിറങ്ങി.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ രണ്ടുപേരെ നേരത്തെ തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒരാളെ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു. തന്റെ വിവാഹബന്ധം താറുമാറാക്കിയതിലുള്ള വൈരാഗ്യത്തിലാണ് എട്ടാം പ്രതി നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്താണ് കേസില്‍ നിര്‍ണായകമായത്. ദിലീപിന് എഴുതിയ കത്തില്‍ കേസിലെ നടന്റെ പങ്കിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്.
നടിയെ ആക്രമിക്കുവാന്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തിയെന്നും ഇതില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങള്‍ ദിലീപ് ചെയ്‌തെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപണം. തൃശൂരില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രാമധ്യേയാണ് നടി ആക്രമിക്കപ്പെട്ടത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ വാന്‍ ഇടിപ്പിച്ച ശേഷം അക്രമികള്‍ വാഹനത്തിനുള്ളിലേക്ക് കയറി. പിന്നീട് നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരുന്നു.