കൊച്ചി : കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ 6 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതാണ് കാരണം. കേരളം ഉറ്റുനോക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അദ്ദേഹത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. എന്നാൽ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വര്ഷങ്ങളോളം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി 12നു പ്രഖ്യാപിക്കും.(Actress assault case verdict today live, Dileep acquitted)
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ കുറ്റക്കാരായ പ്രതികൾക്കെതിരെ തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത് ദിലീപിനെതിരെയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതായിരുന്നു ദിലീപിനെതിരെയുള്ള പ്രധാന ആരോപണം. ദിലീപിനെതിരെയും ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു.
എന്നാൽ, തന്നെ കേസിൽപ്പെടുത്തിയതാണെന്നും പ്രോസിക്യൂഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികൾ അടക്കം പത്ത് പേരാണ് കേസിൽ വിചാരണ നേരിട്ടത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. കോടതി വിധി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിന് പിന്നിലെ പ്രധാന കാരണം ക്രിമിനൽ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതാണ്. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്. ദിലീപിനെ കൂടാതെ, കേസിൽ പ്രതികളായിരുന്ന രണ്ടുപേരെക്കൂടി കോടതി വെറുതെ വിട്ടിട്ടുണ്ട്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചു എന്നാരോപിക്കപ്പെട്ട ചാർലി, പത്താം പ്രതിയായ ശരത്ത് എന്നിവരാണ് ഇത്.
ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതായിരുന്നു ദിലീപിനെതിരെയുള്ള കേസ്. സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് കേസിൽ വിചാരണ നേരിട്ടത്. ഈ ആറു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
2017 ഫെബ്രുവരി 17-ന് കൊച്ചി നഗരത്തിലൂടെ ഓടിയ കാറിൽ നടി ക്രൂരമായ ആക്രമണത്തിന് ഇരയാകുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതി പൾസർ സുനി പകർത്തിയതുമാണ് കേസിനാസ്പദമായ സംഭവം. തൊട്ടടുത്ത ദിവസം പൾസർ സുനിയാണ് കൃത്യത്തിന് നേതൃത്വം നൽകിയതെന്ന് വ്യക്തമായി. ഫെബ്രുവരി 23-ന് പൾസർ സുനിയെയും വിജീഷിനെയും കോടതി മുറിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 18-ന് സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2017 ജൂലൈ 10-ന് കേസിൽ വഴിത്തിരിവുണ്ടായി, നടൻ ദിലീപ് അറസ്റ്റിലായി. ഓക്ടോബർ 3-ന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. 2017 നവംബർ 22-ന് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 2018 ഫെബ്രുവരി 25-ന് കേസ് വിചാരണ നടപടികൾക്കായി ഹൈക്കോടതി ജഡ്ജി ഹണി എം. വർഗീസിനെ നിയമിച്ചു. 2020 ജനുവരി 30-ന് അടച്ചിട്ട കോടതിയിൽ വിചാരണ ആരംഭിച്ചു. എന്നാൽ, സാക്ഷി വിസ്താരത്തിനിടെ 22 സാക്ഷികൾ കൂറുമാറി.
2021 ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ രംഗപ്രവേശം ചെയ്തതോടെ കേസിൽ വീണ്ടും വഴിത്തിരിവുണ്ടായി. ദിലീപിൻ്റെ വീട്ടിൽവച്ച് പൾസർ സുനിയെ കണ്ടെന്ന ബാലചന്ദ്രകുമാറിൻ്റെ മൊഴിയെ തുടർന്ന് 2022 ജനുവരി 3-ന് പോലീസ് കോടതി അനുമതിയോടെ തുടരന്വേഷണം ആരംഭിച്ചു. ഈ അന്വേഷണ റിപ്പോർട്ടിൽ തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് ദിലീപിൻ്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കി.
2023 ഓഗസ്റ്റിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ഹാഷ് വാല്യു മാറിയത് ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. 2024 മാർച്ച് 3-ന് പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിൽ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന വസ്തുത സ്ഥിരീകരിച്ചു.
ഈ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ, 2024 ഡിസംബർ 14-ന് അതിജീവിത രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരുന്നു. ഇപ്പോൾ കേസ് അന്തിമ തീർപ്പിലേക്ക് എത്തി.