

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ അതിവേഗ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുന്നതിനായി ഇന്ന് തന്നെ നടപടികൾ ആരംഭിക്കും.(Actress assault case, State government to file appeal in High Court challenging verdict )
വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകി. പ്രോസിക്യൂട്ടറുടെ അപേക്ഷ ലഭിച്ചാൽ ഉടൻ നിയമോപദേശം നൽകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ഇന്നലെ അറിയിച്ചിരുന്നു.
അപ്പീൽ സാധ്യതകൾ പരിശോധിച്ച് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം. അതേസമയം, കോടതി വിധിക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതിജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തെത്തുകയും ചെയ്തു.
വിചാരണക്കോടതിയുടെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കേസിലെ പ്രോസിക്യൂഷൻ വാദങ്ങളെ തള്ളിയ കോടതിയുടെ നിലപാടുകൾ ശ്രദ്ധേയമായി. നടൻ ദിലീപിന് അതിജീവിതയോട് തീർത്താൽ തീരാത്ത ശത്രുതയുണ്ടായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തിന് തെളിവില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. അതിജീവിതയുടെ സിനിമയിലെ അവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്നത് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു.