കൊച്ചി: കേരളം കാത്തിരിക്കുന്ന നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അമ്മ പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചു. പൾസർ സുനിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ ശോഭന കോടതിയെ സമീപിച്ചിരിക്കുന്നത്.(Actress assault case, Pulsar Suni's mother files new petition before verdict)
അന്വേഷണ സംഘം നേരത്തെ അപേക്ഷ നൽകി മരവിപ്പിച്ച ഒരു ലക്ഷം രൂപയുടെ അക്കൗണ്ടിനെ സംബന്ധിച്ചാണ് ഹർജി. നടൻ ദിലീപ് നൽകിയ ക്വട്ടേഷൻ തുകയാണ് ഈ അക്കൗണ്ടിലുള്ളത് എന്നായിരുന്നു നേരത്തെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വിധി വരുന്നതിന് തൊട്ടുമുമ്പായി ഒന്നാം പ്രതിയുടെ അമ്മ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത് കേസിൽ വീണ്ടും ശ്രദ്ധേയമാവുകയാണ്. ക്വട്ടേഷൻ തുകയുടെ ഭാഗമായാണ് ഈ തുകയെന്ന് പ്രോസിക്യൂഷൻ വാദിക്കുമ്പോൾ, അക്കൗണ്ട് മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലാണ്.
കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ് അടക്കമുള്ള പ്രതികൾ കുറ്റക്കാരാണോ എന്നതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് രാവിലെ 11 മണിക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കും. ആറ് വർഷത്തിലേറെ നീണ്ട രഹസ്യ വിചാരണയ്ക്ക് ശേഷമാണ് കേസിലെ സുപ്രധാനമായ വിധി പ്രഖ്യാപനം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത് കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ്.
സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ദിലീപിനെതിരെ ആരോപിക്കുന്നത്. വിചാരണയുടെ സുപ്രധാന വിവരങ്ങൾ പുറത്തുവന്നതിൽ ഏറ്റവും ശ്രദ്ധേയമായത് പൾസർ സുനിയുടെ നിലപാടാണ്. തന്നെ അറിയില്ലെന്ന ദിലീപിന്റെ വാദത്തെ പൾസർ സുനി കോടതിയിൽ തള്ളിക്കളഞ്ഞത് വിധി വരുന്ന ഈ സാഹചര്യത്തിൽ ഏറെ നിർണായകമാണ്. ദിലീപുമായി തനിക്ക് പരസ്പരം അറിയാമെന്നും നേരത്തെ ബന്ധമുണ്ടായിരുന്നെന്നും വിചാരണക്കിടെ പൾസർ സുനി കോടതിയെ അറിയിച്ചു.
പൾസർ സുനിയെ പരിചയമില്ലെന്ന ദിലീപിന്റെ നാളിതുവരെയുള്ള നിലപാടിന് ഈ വെളിപ്പെടുത്തൽ കനത്ത പ്രഹരമായിരുന്നു. 2012 മുതൽ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നതായി ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്.
നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയും സംഘവും ഇതിനുമുമ്പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2017 ജനുവരി 03 ന് ഗോവയിൽ വെച്ച് കൃത്യം നടത്താനായിരുന്നു ആദ്യ ആലോചന. എന്നാൽ, നടി ഷൂട്ടിംഗ് നേരത്തെ പൂർത്തിയാക്കി മടങ്ങിയതിനാൽ അന്ന് കൃത്യം നടന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ദിലീപിന്റെ കാര്യത്തിലടക്കം കോടതി എന്ത് നിലപാടെടുക്കുമെന്ന് ആകാംക്ഷയോടെയാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്.