നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി അൽപ്പ സമയത്തിനകം: 'നിർഭയ കേസ് പോലെയല്ല' എന്ന് പൾസർ സുനിയുടെ അഭിഭാഷകൻ, എല്ലാ പ്രതികൾക്കും ഉത്തരവാദിത്വമെന്നും യഥാർത്ഥ പ്രതി മറഞ്ഞിരിക്കുന്നു എന്നും പ്രോസിക്യൂഷൻ, പൊട്ടിക്കരഞ്ഞും യാചിച്ചും പ്രതികൾ, മുന്നറിയിപ്പുമായി ജഡ്ജി | Actress assault case

കോടതിയലക്ഷ്യ ഹർജികൾ ജനുവരി 18ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി അൽപ്പ സമയത്തിനകം: 'നിർഭയ കേസ് പോലെയല്ല' എന്ന് പൾസർ സുനിയുടെ അഭിഭാഷകൻ, എല്ലാ പ്രതികൾക്കും ഉത്തരവാദിത്വമെന്നും യഥാർത്ഥ പ്രതി മറഞ്ഞിരിക്കുന്നു എന്നും പ്രോസിക്യൂഷൻ, പൊട്ടിക്കരഞ്ഞും യാചിച്ചും പ്രതികൾ, മുന്നറിയിപ്പുമായി ജഡ്ജി | Actress assault case
Updated on

കൊച്ചി : കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി അൽപ്പസമയത്തിനകം. നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. വാദം പൂർത്തിയായി. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ ജനുവരി 18ന് പരിഗണിക്കും. കുറ്റം ചെയ്തത് ഒന്നാം പ്രതിയാണെന്നും, മറ്റുള്ളവർ ഇയാൾക്ക് സഹായം നൽകുക മാത്രമാണ് ചെയ്തതെന്നും നിരീക്ഷിച്ച കോടതി, ഒരേ ശിക്ഷ എങ്ങനെയാണ് നൽകാൻ സാധിക്കുക എന്ന് ചോദിച്ചു. (Actress assault case, prosecution says all accused are responsible)

എന്നാൽ, എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ടെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. പരമാവധി ശിക്ഷ നൽകണമെന്നാണ് ആവശ്യം. പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ടിരുന്നു. കുടുംബത്തിൻ്റെ ഏക ആശ്രയം തങ്ങളെന്ന് പറഞ്ഞ പ്രതികൾ, പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി പൾസർ സുനിയോട് (സുനിൽകുമാർ) കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചത്. കുറഞ്ഞ ശിക്ഷ നൽകണമെന്ന സുനിയുടെ അഭിഭാഷകന്റെ ആവശ്യം തള്ളിക്കളഞ്ഞ കോടതി, പൾസർ സുനി ഈ കേസിലെ മറ്റു പ്രതികളെ പോലെയല്ലെന്ന് തുറന്നടിച്ചു. വാദം ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. "പൾസർ സുനിയല്ലേ കേസിലെ യഥാർത്ഥ പ്രതി? മറ്റ് പ്രതികൾ കൃത്യത്തിന് കൂട്ടുനിന്നവരല്ലേ?" കോടതി ചോദിച്ചു.

ഈ കേസിനെ ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന സുനിയുടെ അഭിഭാഷകന്റെ ആവശ്യത്തോട് കോടതി നീരസം പ്രകടിപ്പിച്ചു. "പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിത്. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണമായിരുന്നു" എന്നും കോടതി ചൂണ്ടിക്കാട്ടി.ഒരു തരത്തിലുമുള്ള കരുണ പൾസർ സുനിയോട് കാണിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചന നൽകിയായിരുന്നു കോടതിയുടെ പ്രതികരണങ്ങളെല്ലാം.

കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. ഇന്ന് പതിനൊന്നരയോടെയാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. ശിക്ഷാവിധിക്ക് മുന്നോടിയായി വികാരനിർഭരമായ രംഗങ്ങളാണ് കോടതിമുറിയിൽ അരങ്ങേറിയത്. എല്ലാ പ്രതികളും കുടുംബ പശ്ചാത്തലം പറഞ്ഞ് കോടതിയുടെ ദയ നേടാൻ ശ്രമിച്ചു.

കേസിന്റെ കോടതി നടപടികളെക്കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ശക്തമായ മുന്നറിയിപ്പ് നൽകി. കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ജഡ്ജി ഈ നിലപാട് വ്യക്തമാക്കിയത്.

നവംബർ 8-ന് നടൻ ദിലീപിനെ (എട്ടാം പ്രതി) കുറ്റവിമുക്തനാക്കുകയും പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തതിന് ശേഷമുള്ള റിപ്പോർട്ടിംഗിനെ ജഡ്ജി വിമർശിച്ചു. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകും. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ പ്രശ്നമില്ല, എന്നാൽ കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യും.

ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന 'നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ' കേസിലെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ഈ കേസിൽ കർശനമായി പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു. കേസിന്റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി.

ശിക്ഷയിൽ ഇളവ് ലഭിക്കാനായി പ്രതികൾ വികാരഭരിതരായാണ് കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി പൾസർ സുനി (സുനിൽകുമാർ) വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും ഭാവഭേദമൊന്നുമില്ലാതെ സുനിൽകുമാർ കോടതിയെ അറിയിച്ചു. രണ്ടാം പ്രതി മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. "താനൊരു തെറ്റും ചെയ്തിട്ടില്ല. താൻ നിരപരാധിയാണ്. ചെയ്യാത്ത തെറ്റിനാണ് ജയിലിൽ കിടന്നത്. ശിക്ഷയിൽ ഇളവ് വേണം" എന്ന് മാർട്ടിൻ ആവർത്തിച്ചു. കേസിൽ ആദ്യം അറസ്റ്റിലായ പ്രതികളിൽ ഒരാളാണ് മാർട്ടിൻ.

മൂന്നാം പ്രതി മണികണ്ഠൻ പറഞ്ഞത് താൻ മനസ്സറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആണ്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും അപേക്ഷിച്ചു. നാലാം പ്രതി വിജീഷ് കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് അഭ്യർത്ഥിച്ചു. കൂടാതെ, താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ ഇടണമെന്നും ഒരു പ്രത്യേക അപേക്ഷ കൂടി അദ്ദേഹം കോടതിക്ക് മുന്നിൽ വെച്ചു. അഞ്ചാം പ്രതി വടിവാൾ സലിം താൻ കുറ്റം ചെയ്തിട്ടില്ലെന്നും, ഭാര്യയും മൂന്ന് വയസ്സുള്ള പെൺകുട്ടിയും തനിക്കുള്ള കാര്യവും കോടതിയെ അറിയിച്ചു. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്

ശിക്ഷാവിധി നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ, ജഡ്ജ് ഹണി എം. വർഗീസ് മാധ്യമങ്ങൾക്ക് താക്കീത് നൽകി. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്ന് ജഡ്ജ് കർശനമായി ആവശ്യപ്പെട്ടു.

പ്രതികളോട് സംസാരിച്ച ശേഷം കോടതി ചില നിർണ്ണായക നിരീക്ഷണങ്ങൾ നടത്തി. പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. "യഥാർത്ഥ കുറ്റവാളി പൾസർ സുനിയാണ്. മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണ്. പൾസർ സുനി മറ്റുള്ളവരെ പോലെയല്ല. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം. ഇതൊരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണ്," കോടതി നിരീക്ഷിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com