കൊച്ചി: 2017-ൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നടപടികൾ ആരംഭിച്ചു. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രോസിക്യൂഷൻ പ്രധാനമായും ചോദ്യം ചെയ്യുന്നത്.(Actress assault case, Prosecution begins appeal proceedings against trial court verdict)
അപ്പീൽ സാധ്യതകൾ വിലയിരുത്തുന്ന വിശദമായ റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കി. ഇത് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. വിചാരണക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് അപ്പീൽ ഹർജി തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഈ ആഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
കേസിൽ വിധി പ്രസ്താവിക്കുന്നതിന് മുൻപ് വിധിന്യായത്തിന്റെ വിശദാംശങ്ങൾ ചോർന്നെന്ന ഊമക്കത്തിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം എട്ടാം പ്രതിയായ ദിലീപിന്റെ അടുത്ത സുഹൃത്തിനെ വിധിന്യായം കാണിച്ചു എന്നുമെല്ലാമായിരുന്നു ഊമക്കത്തിലെ പ്രധാന ആരോപണം.
നേരത്തെ ഈ കത്ത് ലഭിച്ചതിനെ തുടർന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ അഭിഭാഷക അസോസിയേഷനുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തിരുന്നു.