

കൊച്ചി: സോഷ്യൽ മീഡിയയിലെ അധിക്ഷേപത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി നടിയും അവതാരകയുമായ ആര്യ. വാർത്ത നൽകിയപ്പോൾ മരിച്ച യുവാവിന്റെ മുഖം വ്യക്തമായി കാണിക്കുകയും അധിക്ഷേപം നടത്തിയ യുവതിയുടെ മുഖം മറയ്ക്കുകയും (Blur) ചെയ്ത മാധ്യമ നിലപാടിനെയാണ് ആര്യ ചോദ്യം ചെയ്തത്.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആര്യ ഈ വിവേചനത്തിനെതിരെ പ്രതികരിച്ചത്.
മുഖം മറയ്ക്കുന്നതിലെ വിരോധാഭാസം: ഇൻസ്റ്റഗ്രാം പോലുള്ള ഒരു പബ്ലിക് പ്ലാറ്റ്‌ഫോമിൽ വീഡിയോ പങ്കുവെച്ചപ്പോൾ തന്നെ എല്ലാവരും കാണണമെന്ന് ആ യുവതി ആഗ്രഹിച്ചിരുന്നു. നമ്മളെല്ലാവരും അത് കണ്ടതുമാണ്. എന്നിട്ടും ഇപ്പോൾ വാർത്തകളിൽ ആ മുഖം എന്തിനാണ് മറയ്ക്കുന്നത് എന്ന് ആര്യ ചോദിച്ചു..
തനിക്ക് എന്ത് സംഭവിക്കാൻ പോകുന്നു എന്ന് പോലും അറിയാതിരുന്ന ദീപക്കിന്റെ മുഖം വ്യക്തമായി കാണിക്കുമ്പോൾ, കുറ്റാരോപിതയായ സ്ത്രീക്ക് മാധ്യമങ്ങൾ സംരക്ഷണം നൽകുന്നത് ശരിയല്ലെന്ന് ആര്യ ചൂണ്ടിക്കാട്ടി. "ഇതിനിടെ ഇവിടെ ചിലരിതാ ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു, കഷ്ടം!" എന്ന പരിഹാസത്തോടെയാണ് ആര്യ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
ദീപക്കിന്റെ മരണത്തിന് കാരണമായ വീഡിയോ പങ്കുവെച്ച വടകര സ്വദേശി ഷിംജിതയ്ക്ക് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഇവർ ഇപ്പോൾ ഒളിവിലാണ്. ദീപക്കിന് നീതി വേണമെന്ന ആവശ്യവുമായി കൂടുതൽ സിനിമാ താരങ്ങളും രംഗത്തെത്തുന്നുണ്ട്.