ശ്രീനിവാസന്റെ മൃതദേഹം കണ്ടനാട്ടെ വീട്ടിൽ, ടൗൺഹാളിൽ പൊതുദർശനം | Sreenivasan

ശ്രീനിവാസന്റെ മൃതദേഹം കണ്ടനാട്ടെ വീട്ടിൽ, ടൗൺഹാളിൽ പൊതുദർശനം | Sreenivasan
Updated on

കൊച്ചി: പ്രശസ്ത നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. ഡയാലിസിസിനായി അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ വിമലയും ബന്ധുക്കളും ഈ സമയം ഒപ്പമുണ്ടായിരുന്നു.

മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ എന്നിവർ കൊച്ചിയിലുണ്ട്. ഇരുവരും നേരിട്ടെത്തി ആദരാഞ്ജലി അർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം , തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ നടൻ മോഹൻലാൽ വികാരാധീനനായി പ്രതികരിച്ചു. "സിനിമയ്ക്കപ്പുറം ആഴത്തിലുള്ള കുടുംബബന്ധമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. സമൂഹത്തിലെ വിരോധാഭാസങ്ങളെ തമാശരൂപത്തിൽ അവതരിപ്പിക്കാൻ ഞങ്ങൾ ഒന്നിച്ചു ചെയ്ത സിനിമകൾക്ക് സാധിച്ചു. വലിയൊരു ജീവിതയാത്രയിൽ ഒപ്പമുണ്ടായിരുന്ന ഒരാളെയാണ് നഷ്ടമായത്," മോഹൻലാൽ പറഞ്ഞു.

മരണവാർത്തയറിഞ്ഞ് മകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തി. രഞ്ജി പണിക്കർ, ആന്റോ ജോസഫ്, കെ. ബാബു എം.എൽ.എ, നടി സരയു തുടങ്ങി രാഷ്ട്രീയ-സിനിമ മേഖലയിലുള്ള നിരവധി പേർ ആശുപത്രിയിൽ നേരിട്ടെത്തി.

ദശകങ്ങളോളം മലയാള സിനിമയുടെ ഗതി നിർണ്ണയിച്ച തിരക്കഥാകൃത്തും സംവിധായകനും നടനുമായിരുന്നു ശ്രീനിവാസൻ. തന്റെ രചനകളിലൂടെയും അഭിനയത്തിലൂടെയും അദ്ദേഹം സൃഷ്ടിച്ച വിടവ് മലയാള സിനിമയിൽ ഒരിക്കലും നികത്താനാവാത്തതാണ്.

Related Stories

No stories found.
Times Kerala
timeskerala.com