കൊച്ചി : നടൻ ജയറാം ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തി. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹം സംസാരിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ചെന്നൈയിൽ ചടങ്ങ് സംഘടിപ്പിച്ചതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. (Actor Jayaram about Sabarimala gold case)
പൂജ നടന്നത് തൻ്റെ വീട്ടിൽ വച്ചല്ല എന്ന് നടൻ വ്യക്‌തമാക്കി. ക്ഷണിച്ചിട്ടാണ് പോയത് എന്നും, മഹാ ഭാഗ്യമായാണ് അന്ന് കരുതിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ വച്ച് കണ്ടുള്ള പരിചയമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.
അന്ന് പറഞ്ഞത് ശബരിമലയിലെ വാതിൽ ആണ് എന്നാണെന്നും, അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ് എന്നും പറഞ്ഞ നടൻ, വീരമണിയെ ക്ഷണിച്ചത് താൻ ആണെന്നും, പണപ്പിരിവിനെ കുറിച്ച് അറിയില്ല എന്നും പ്രതികരിച്ചു. അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഗുരുതരമായ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ചെന്നൈയിലും ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തായി. പ്രചരിക്കുന്നത് 2019ലെ ദൃശ്യങ്ങളാണ്.
ഇയാൾ പ്രദർശനം സംഘടിപ്പിച്ചത് ശബരിമല ശ്രീകോവിലിൻ്റെ വാതിൽ കട്ടിള എന്നൊക്കെ പറഞ്ഞാണ്. ഇയാളെ നാളെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യും. ഇയാളുടെ കോടികളുടെ ഭൂമി ഇടപാടുകൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു