
കൊച്ചി: അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷം നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. തൻ്റെ വിവാഹ വാർത്തയും താരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ബിനീഷ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
വൈകിയാണെങ്കിലും വിവാഹിതനാകുന്നതിലുള്ള സന്തോഷം താരം പങ്കുവെച്ചു.
"ടീമേ... ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ 'താര' എന്നോടൊപ്പം ഉണ്ടാകും."
എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് ബിനീഷ് താരയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.
2026 ഫെബ്രുവരിയിൽ വിവാഹം
ഏറെക്കാലമായുള്ള അമ്മച്ചിയുടെ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്നും, അതിനായി അമ്മച്ചി ഒരുപാട് പ്രാർത്ഥനകൾ നടത്തിയിരുന്നുവെന്നും ബിനീഷ് പറഞ്ഞു. 2026 ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നാണ് ബിനീഷ് സൂചന നൽകിയിരിക്കുന്നത്.
ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്ന താരയുടെയും ബിനീഷിൻ്റെയും ചിത്രങ്ങൾക്ക് താഴെ "ഈ സോളമനും ശോശന്നയും കണ്ടുമുട്ടി" എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ സന്തോഷവാർത്ത ഇപ്പോൾ പങ്കുവെച്ചതെന്നും, വിവാഹ ദിവസത്തെക്കുറിച്ച് ഉടൻ അറിയിക്കാമെന്നും ബിനീഷ് പറഞ്ഞു. പത്ത് വർഷത്തിലേറെയായി ബിനീഷ് സിനിമാരംഗത്ത് സജീവമാണ്. നവദമ്പതിമാർക്ക് ആശംസകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.