
കാട്ടാളൻ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരിക്കേറ്റു. തായ്‌ലൻഡിൽവെച്ച് ആനയുൾപ്പെടുന്ന ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നിലവിൽ ചികിത്സയ്ക്ക് ശേഷം അദ്ദേഹം വിശ്രമത്തിലാണ്. പരിക്കിനെ തുടർന്ന് ചിത്രത്തിൻ്റെ ഷൂട്ടിങ് ഷെഡ്യൂളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ബ്രഹ്മാണ്ഡ ആക്ഷൻ രംഗങ്ങൾ
ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ടിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ തായ്‌ലൻഡിൽ ഒരുക്കുന്നത്.
ഓങ് ബാക്ക് സീരീസിലൂടെ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും 'കാട്ടാളൻ' സിനിമയുടെ ഭാഗമാണ്. ചിത്രത്തിൻ്റെ ഹൈലൈറ്റായി മാറുന്ന രീതിയിൽ ബ്രഹ്മാണ്ഡ കാൻവാസിൽ ആനയുമായുള്ള ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.
മലയാള സിനിമ കണ്ട ഏറ്റവും വലിയ പൂജാ ചടങ്ങുകളോടെ ലോഞ്ച് ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് 'കാട്ടാളൻ'. മെഗാ കാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വർഗീസിൻ്റെ കരിയറിലെ തന്നെ വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്.