തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസ്സിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ മുന്നറിയിപ്പ്. കെഎസ്ആര്‍ടിസിയില്‍ മാലിന്യം കണ്ടാല്‍ ഇനിയും നടപടിയെടുക്കും.
താന്‍ മന്ത്രിയായിരിക്കുന്നിടത്തോളം ബസില്‍ മാലിന്യം ഇടാന്‍ ആരെയും അനുവദിക്കില്ല.അതിന് ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്. ഒരുത്തനും തന്നെ വിമര്‍ശിക്കാന്‍ വരേണ്ടതില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
മാലിന്യം നിക്ഷേപിക്കാന്‍ പുതിയ ബസുകളില്‍ മൂവായിരത്തോളം ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടൺ കണക്കിന് മാലിന്യമാണ് കെഎസ്ആർടിസിയിൽ നിന്ന് മാറ്റിയത്. ബസ്സിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാൽ, അത് പിടിക്കുകയും ചെയ്യും നടപടിയുമുണ്ടാകും. അതിന് ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട. ഞാൻ മന്ത്രിയായിരിക്കുന്നെങ്കിൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകും.
വാഹനത്തിന്റെ ഡാഷിന്റെ മുൻപിൽ മാലിന്യം ഇടുന്ന ഡ്രൈവർക്കെതിരേ നടപടിയുണ്ടാകും. ഡ്രൈവറെ മാത്രമല്ല ആ വണ്ടി പരിശോധിക്കാതെ വിട്ടയാളുടെ പേരിലും നടപടിയുണ്ടാകും. അത് കെഎസ്ആർടിസി ജീവനക്കാരൻ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്. തെറ്റ് കണ്ടാൽ തെറ്റ് തന്നെയാണെന്ന് പറയും.
ഒന്നാം തീയതി ജീവനക്കാര്‍ ശമ്പളം കൊടുത്തപ്പോള്‍ ഒരുത്തനേയും കണ്ടില്ല. ഓണത്തിന് അലവൻസ് നൽകി അവരെ സന്തോഷിപ്പിച്ചപ്പോഴും ഇവരെയൊരെയും കണ്ടില്ലല്ലോ.കെഎസ്ആര്‍ടിസിയുടെ പടം ഇട്ട് സമരം നടത്തുന്നവന്‍മാര്‍ അലവലാതികളാണ്. കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ച് പ്രശംസരാകാമെന്ന് ആരും വിചാരിക്കേണ്ട.
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കുപ്പി സൂക്ഷിച്ച സംഭവത്തില്‍ പൊന്‍കുന്നം യൂണിറ്റിലെ ഡ്രൈവര്‍ സജീവ് കെ എസിനെയാണ് സ്ഥലം മാറ്റിയത്. കൊല്ലം ആയൂരിലെ എംസി റോഡിലായിരുന്നു ബസില്‍ കുപ്പി സൂക്ഷിച്ചതില്‍ പ്രകോപിതനായി മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയും ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിക്കുകയും ചെയ്തത്.