തിരുവനന്തപുരം : പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ കുറ്റക്കാരനായ പൊലീസുകാരൻ പിഎം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. നേരത്തെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐജി ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു.
സംഭവത്തിൽ ആദ്യമായാണ് രതീഷിനെതിരെ നടപടി വരുന്നത്. 2023ലാണ് പീച്ചി പൊലീസ് സ്റ്റേഷനിൽ സംഭവമുണ്ടായത്. പീച്ചി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന പിഎം രതീഷ് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജര്‍ കെപി ഔസപ്പിനെയും മകനെയും മര്‍ദിക്കുകയായിരുന്നു.
ആരോപണവിധേയനായിരുന്ന രതീഷിന് പിന്നീട് സ്ഥാനക്കയറ്റം ലഭിക്കുകയും കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് എസ്എച്ചഒയായി നിയമിക്കുകയും ചെയ്തിരുന്നു. പീച്ചി പൊലീസ് സ്റ്റേഷനിലെ മർദനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ദക്ഷിണ മേഖല ഐജിയുടെ ഓഫീസിൽ ഏഴ് മാസത്തോളമാണ് കെട്ടിക്കിടന്നത്.
സംസ്‌ഥാന വിവരാവകാശ കമ്മിഷൻ മുഖേന പൊലീസ് സ്‌റ്റേഷനിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിന് ഔസേപ്പ് അപേക്ഷിച്ചു. ഒടുവിൽ മനുഷ്യാവകാശകമ്മിഷൻ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങൾ നൽകാൻ പൊലീസ് തയ്യാറായത്. ഇതിന് പിന്നാലെയാണ് സ്റ്റേഷനിൽ എത്തിച്ച് ഔസേപ്പിനെയും മകനെയും ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നീട് ഇത് വലിയ വർത്തയാകുകയായിരുന്നു.