കോട്ടയം : പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണു.പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫാണ് ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണത്.
കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വെച്ചാണ് സംഭവം ഉണ്ടായത്. ഇയാളെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്ന് ജയ്മോൻ പറഞ്ഞു. പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിനു മുൻപിൽ സൂക്ഷിച്ചിരുന്നതെന്നും ജയ്മോൻ കൂട്ടിച്ചേർത്തു.
അതേ സമയം, കെഎസ്ആർടിസി ബസിന്‍റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ ജയ്മോനടക്കം 3 ജീവനക്കാർക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ നടപടി എടുത്തിരുന്നു. ജയ്മോൻ ജോസഫിനെ പുതുക്കാടേക്ക് സ്ഥലം മാറ്റിയിരുന്നു. വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിരുന്നു.