കാസർഗോഡ്: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയ്ക്കും തടയാൻ വന്ന ബന്ധുവിനും നേരെ ഭർത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിക്ക് (54) നേരെയാണ് ഭർത്താവ് രവി (59) ആക്രമണം നടത്തിയത്. സംഭവത്തിൽ പ്രതിയായ രവിയെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു.(Acid attack on wife and relative in Kasaragod, Husband arrested)
വീട്ടുമുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന ജാനകിയുടെ അടുത്തേക്ക് ആസിഡുമായി എത്തിയ രവി അവരുടെ ദേഹത്തേക്ക് അത് ഒഴിക്കുകയായിരുന്നു. ജാനകിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരിയുടെ മകൻ സുരേഷ് ബാബുവിനും ആക്രമണത്തിൽ പൊള്ളലേറ്റു.
മദ്യപാനത്തെത്തുടർന്ന് സ്ഥിരമായി വഴക്കുണ്ടാക്കാറുള്ള പ്രതിയെ വീട്ടിൽ നിന്നും അകറ്റി നിർത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ആക്രമണം നടത്തുമ്പോൾ പ്രതി കടുത്ത മദ്യലഹരിയിലായിരുന്നു.