തൃശൂർ: പോലീസിനെ കത്തിവീശി ഭീഷണിപ്പെടുത്തി കൈവിലങ്ങോടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊലപാതകശ്രമക്കേസ് പ്രതി ഒടുവിൽ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഞ്ഞപ്ര വടക്കേതിൽ രാഹുൽ ആണ് കോയമ്പത്തൂരിൽ വെച്ച് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്. രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച അഞ്ചുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.(Accused who escaped with handcuffs caught in Coimbatore, 5 others who helped him arrested)
സഫർ (36), അനസ് (26), ജിബിൻ (25), ജലാലുദ്ദീൻ (20), അൻവർ (30), എന്നിവരാണ് അറസ്റ്റിലായ സഹായികൾ. നവംബർ 27-ന് മണ്ണുത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസിൽ രാഹുലിനെ പിടികൂടാൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് മണ്ണുത്തി പോലീസ് വടക്കഞ്ചേരിയിൽ എത്തിയത്. പോലീസ് പിടികൂടി കൈവിലങ്ങ് അണിയിച്ചെങ്കിലും, രാഹുൽ പെട്ടെന്ന് കത്തിവീശി പരിഭ്രാന്തി സൃഷ്ടിച്ചു. ഈ സമയം സഫർ ബൈക്കുമായെത്തി രാഹുലിനെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് കാറിലും മറ്റുമായി വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ, കണ്ണന്നൂരിലെ ജലാലുദ്ദീന്റെ വീട്ടിലെത്തിച്ചാണ് കൈവിലങ്ങ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയത്. തുടർന്ന് കോയമ്പത്തൂരിലെ അൻവറിന്റെ സഹായത്തോടെ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് സംഘം വളഞ്ഞത്.