കൊച്ചി : പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ ലഹരി കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. അസം സ്വദേശി വസിം ആണ് അറസ്റ്റിലായത്. മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടില്ല. ലഹരി കുത്തിവച്ചതിന് പിന്നാലെ കുഴഞ്ഞുവീണാണ് മരിച്ചത്.
പെരുമ്പാവൂർ സാംജോ ആശുപത്രിയുടെ മതിലിനോട് ചേർന്നാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മതിലിന് സമീപം രണ്ട് അതിഥി തൊഴിലാളികൾ ഇരിക്കുന്നതും ഒരാൾ രണ്ടാമന്റെ ശരീരത്തിൽ ലഹരിമരുന്ന് കുത്തിവയ്ക്കുന്നതും പിന്നാലെ ഇയാൾ കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനു ശേഷം പ്രതി അവിടെ നിന്ന് എഴുന്നേറ്റ് നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
താൻ ലഹരിമരുന്ന് തന്നെയാണ് കുത്തിവച്ചതെന്നും പരിചയമില്ലാത്തതു കൊണ്ടാവാം അയാൾ വീണുമരിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.