തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് വിദ്യാർത്ഥിനിയെ തള്ളിയിട്ട സംഭവത്തിലെ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറാതിരുന്നതിലുള്ള ദേഷ്യത്തിലാണ് പിന്നിൽ നിന്ന് ചവിട്ടിയിട്ടതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.(Accused admits to kicking girl off train, will be produced in court today)
ട്രെയിനിന്റെ ശുചിമുറി ഭാഗത്ത് നിന്ന സുരേഷ് കുമാർ കോട്ടയത്ത് വെച്ച് മദ്യപിച്ചാണ് ട്രെയിനിൽ കയറിയതെന്ന് റെയിൽവേ പോലീസ് സ്ഥിരീകരിച്ചു. പ്രത്യേകിച്ചൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം എന്നും പോലീസ് വ്യക്തമാക്കി.
പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്താണ് അതിക്രമം നടന്നത്. കസ്റ്റഡിയിലെടുത്ത ആദ്യസമയത്ത് പ്രതി താനല്ലെന്ന് സ്ഥാപിക്കാൻ സുരേഷ് ശ്രമിച്ചിരുന്നു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി സുരേഷ് കുമാറിനെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. പ്രതിക്ക് മുൻപ് മറ്റ് കേസുകളിൽ പങ്കുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരുന്നുണ്ട്. മദ്യപന്റെ ചവിട്ടേറ്റ് താഴെ വീണ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്നലെ രാത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച 19 വയസ്സുകാരിയെ ഇപ്പോൾ സർജറി ഐസിയുവിലേക്ക് മാറ്റി.
ആന്തരിക രക്തസ്രാവം ഉള്ളതിനാൽ അടുത്ത 48 മണിക്കൂർ നിരീക്ഷണം തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തമ്പാനൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്നലെ രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തിയത്.