

കണ്ണൂർ : അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം (6E 1434) മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.20-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഏകദേശം നാല് മണിക്കൂറോളം വൈകി വൈകുന്നേരം 5.13-നാണ് യാത്ര തിരിച്ചത്.(Abu Dhabi - Kannur IndiGo flight delayed, Passengers stranded)
വിമാനം വൈകുമെന്ന കാര്യം എയർലൈൻ അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഉച്ചയ്ക്കുള്ള വിമാനത്തിനായി രാവിലെ 10 മണിക്ക് തന്നെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടി വന്നത്.
കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് വരേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാർ മൂലം വൈകിയതാണ് മടക്കയാത്രയെയും ബാധിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.