ആലപ്പുഴ : ആലപ്പുഴയിലെ ജൈനമ്മയുടെ തിരോധനവുമായി ബന്ധപ്പെട്ട് ചേർത്തല പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ പരിശോധനയിൽ 20ഓളം അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തി. ഇവ കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. കെഡാവർ നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയാണ്.
വീടിന്‍റെ തറയിളക്കിയും പരിശോധിക്കുമെന്നാണ് സൂചന.സെബാസ്റ്റ്യനെ രാവിലെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പല കാലഘട്ടങ്ങളിലായിട്ടാണ് 4 സ്ത്രീകളെ കാണാതായത്. കുളം വറ്റിച്ചപ്പോള്‍ വസ്ത്രത്തിന്‍റെ ഭാഗങ്ങളും ഒരു കൊന്തയുടെ ഭാഗവും കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്ക് ഉള്‍പ്പടെ ഇളക്കി പരിശോധിച്ചിരുന്നു.
ബിന്ദു പത്മനാഭൻ എന്ന സ്ത്രീയെ കാണാതായ ആ സമയത്ത് സെബാസ്റ്റ്യൻ വീടിന്‍റെ അകത്ത് ടൈൽ മാറ്റി ഗ്രനേറ്റ് പാകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എന്തെങ്കിലും കുഴിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നു.
കെഡാവർ നായ പോകുന്ന സ്ഥലങ്ങളിലൊക്കെ ജെസിബി ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ പരിശോധന വൈകുന്നേരവും തുടർന്നു കൊണ്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ചോദ്യം ചെയ്യലിനോട് ഇയാൾ സഹകരിക്കുന്നില്ലെന്നാണ് വിവരം.
ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയോ എന്നതാണ് സംശയം. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ, കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടൽ. 2.15 ഏക്കർ വരുന്ന പറമ്പ് കാടുമൂടിക്കിടക്കുന്ന നിലയിലാണ്. ഇവിടെ കുളങ്ങളും ചതുപ്പ് നിലങ്ങളും ഉണ്ട്. ഇവിടങ്ങളിൽ എല്ലാം പരിശോധന നടത്തും.