തൃശൂര്‍ : കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത് ക്രൂരമര്‍ദനത്തിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. തുടരും സിനിമയിലെ ജോർജ് സാറിനെ പോലെയാണ് കേരളത്തിലെ പൊലീസുമാർ. പൊലീസ് ഇതുപോലെ തോന്നിവാസം കാണിച്ച കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് അബിൻ വര്‍ക്കി വിമർശിച്ചു.
റീല്‍സ് എടുത്ത് സമൂഹമാധ്യമങ്ങളില്‍ നന്മമരങ്ങളായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനുളളില്‍ നീചന്മാരായി പെരുമാറുകയാണെന്നും തോന്ന്യാസത്തിന്റെ അങ്ങേയറ്റമാണ് പൊലീസുകാര്‍ കാണിക്കുന്നത്. പൊലീസിനെതിരെ സേനയുടെ അകത്തു നിന്ന്പോലും റിപ്പോർട്ട് വന്നു.കേരളാ പൊലീസ് തന്തയില്ലായ്മയാണ് കാണിക്കുന്നതെന്നും സുജിത്തിനെ മര്‍ദിച്ച നാലു പൊലീസുകാരെയും സേനയില്‍ നിന്ന് പുറത്താക്കണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.
അതേസമയം, പൊലീസിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്. വരും ദിവസങ്ങളിൽ പൊലീസിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. 2023 ഏപ്രിൽ മാസം അഞ്ചിന് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് പൊലീസ് പകയ്ക്ക് പിന്നിൽ.
കുന്നംകുളം സ്റ്റേഷനിലെ എസ് ഐ നുഹ്മാൻ, സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് നുഹ്മാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു.