
ബിഗ് ബോസ് ഹൗസിൻ്റെ പുതിയ ക്യാപ്റ്റനായി അഭിലാഷ്. മുൻപ് രണ്ട് തവണ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചെങ്കിലും അഭിലാഷിന് വിജയിക്കാനായില്ല. എന്നാൽ, ഇന്നലെ നടന്ന ക്യാപ്റ്റൻസി ടാസ്കിൽ ജിസേലിനെയും ഒനീൽ സാബുവിനെയും മറികടന്ന് അഭിലാഷ് ഒന്നാമതെത്തി. പല നിറത്തിലുള്ള പന്തുകൾ നിറങ്ങളനുസരിച്ച് പല കളങ്ങളിലായി അടുക്കുക എന്നതായിരുന്നു ടാസ്ക്. അഭിലാഷ് ആദ്യം ടാസ്ക് പൂർത്തിയാക്കിയപ്പോൾ തൊട്ടുപിന്നാലെ ജിസേലും ടാസ്ക് പൂർത്തിയാക്കി. മൂന്നാം സ്ഥാനത്തായിരുന്നു ഒനീൽ സാബു ഫിനിഷ് ചെയ്തത്.
അഭിലാഷ് ക്യാപ്റ്റൻസി ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ ടീം ഡിവിഷനിൽ പ്രശ്നങ്ങളുണ്ടായി. വെസൽ ടീമിൽ ആര്യനെ ഉൾപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. റെന ഫാത്തിമയെ വെസൽ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും താൻ ഇതുവരെ വാഷ് റൂം ടീമിൽ ഉൾപ്പെട്ടിട്ടില്ലെന്ന് റെന പറഞ്ഞു. അതുകൊണ്ട് തന്നെ വാഷ് റൂം ടീമിൽ പരിഗണിക്കണമെന്നും റെന ആവശ്യപ്പെട്ടു. ഇതോടെയാണ് ആര്യനെ വെസൽ ടീമിൽ പരിഗണിച്ചത്. എന്നാൽ, താൻ കഴിഞ്ഞ ആഴ്ചയും വെസൽ ടീമിലായിരുന്നുവെന്നും അതുകൊണ്ട് ടീമിൽ നിന്ന് തന്നെ മാറ്റണമെന്നും ആര്യൻ ആവശ്യപ്പെട്ടു.
അനുമോൾ പാത്രം കഴുകാറില്ലെന്ന് ആര്യൻ പറഞ്ഞപ്പോൾ താൻ കഴുകാറുണ്ടെന്ന് അനുമോൾ മറുപടി നൽകി. ജിസേൽ വെസൽ ടീമിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ലെന്ന അനുമോളുടെ ആരോപണത്തോട് താൻ രണ്ടാമത്തെ ആഴ്ച വെസൽ ടീമിലുണ്ടായിരുന്നു എന്ന് ജിസേൽ പറഞ്ഞു. എന്നാൽ, ജിസേലിനെ അഭിലാഷ് വെസൽ ടീമിൽ ഉൾപ്പെടുത്തി. അനീഷ് ആയിരുന്നു ടീം ക്യാപ്റ്റൻ. ഇതിനെ ജിസേൽ എതിർത്തു. എല്ലാവരും എന്താണ് അനീഷിനെ ക്യാപ്റ്റനാക്കുന്നതെന്നായിരുന്നു ജിസേലിൻ്റെ ചോദ്യം. പിന്നാലെ തൻ്റെ മുറിവിൽ വെള്ളം പറ്റരുതെന്നാണ് പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞതോടെ, ജിസേലിനെ വാഷ് റൂം ടാസ്കിലേക്ക് മാറ്റി ക്യാപ്റ്റൻസി ഏല്പിച്ചു.