
തിരുവനന്തപുരം: ദേശീയ ബാലാവകാശ കമ്മീഷൻ്റെ മദ്രസകള്‍ക്കെതിരായുള്ള നീക്കത്തിൽ പ്രതികരിച്ച് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂര്‍ രംഗത്തെത്തി.(Abdussamad Pookkottur )
മദ്രസകള്‍ അടച്ചു പൂട്ടണമെന്നും, സർക്കാർ നൽകുന്ന ധനസഹായം നിർത്തലാക്കണമെന്നുമുള്ള നിര്‍ദ്ദേശത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കേരളത്തെ ഈ നടപടി ബാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ മദ്രസകൾക്ക് സർക്കാരിൻ്റെ ഒരു സഹായവും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയിൽ മതമനുഷ്ഠിക്കാൻ അവകാശമുണ്ടെന്നും, അതിനായി അത് പഠിക്കേണ്ടതുണ്ടെന്നും പറഞ്ഞ അബ്ദുസ്സമദ് പൂക്കോട്ടൂർ ആ സ്ഥാപനങ്ങൾ അതിനുള്ളതാണെന്നും വ്യക്തമാക്കി. ഇത് മൗലികാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറവുകൾ ഉണ്ടെങ്കിൽ അത് നികത്തുകയാണ് വേണ്ടത്, അടച്ചു പൂട്ടുകയല്ല എന്ന് പറഞ്ഞ അബ്ദുസ്സമദ് പൂക്കോട്ടൂർ ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രതികരിച്ചു.
ഇത് ഭാവിയിൽ കേരളത്തിലെ മദ്രസകളെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതിനാൽ ജനാധിപത്യരീതിയില്‍ എതിര്‍ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം, ഭാവിയിലിത് മറ്റു സമുദായങ്ങളെയും ബാധിക്കുമെന്നും, അതിനാൽ കേരളത്തിലെ എം പിമാർ പാർലമെൻ്റിൽ ഇതിനെതിരെ സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.