'റഹീം ഇംഗ്ലീഷ് അധ്യാപകനല്ലല്ലോ, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ കാണാനാണ് പോയത്, വ്യാകരണ പരീക്ഷയ്ക്കല്ല': മന്ത്രി V ശിവൻകുട്ടി | AA Rahim

പ്രവർത്തനമാണ് വിലയിരുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു
'റഹീം ഇംഗ്ലീഷ് അധ്യാപകനല്ലല്ലോ, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ കാണാനാണ് പോയത്, വ്യാകരണ പരീക്ഷയ്ക്കല്ല': മന്ത്രി V ശിവൻകുട്ടി | AA Rahim
Updated on

തിരുവനന്തപുരം: എ.എ. റഹീം എം.പിയുടെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തെ പരിഹസിച്ച് നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സൈബർ ആക്രമണം നടത്തുന്നവർക്ക് അസൂയയും കുശുമ്പുമാണെന്നും റഹീം അവിടെ പോയത് ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ലെന്നും മന്ത്രി പരിഹസിച്ചു.(AA Rahim is not an English teacher, says Minister V Sivankutty)

"റഹീം ഇംഗ്ലീഷ് അധ്യാപകനൊന്നുമല്ലല്ലോ. തനിക്ക് അറിയാവുന്ന ഭാഷയിൽ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരെ കാണാനാണ് അദ്ദേഹം പോയത്. എം.പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനമാണ് വിലയിരുത്തേണ്ടത്," മന്ത്രി പറഞ്ഞു.

സൈബർ ആക്രമണം നടത്തുന്നവർ സ്വയം പണ്ഡിതന്മാരാണെന്നാണ് കരുതുന്നത്. ഒരു പണിയും ഇല്ലാത്തവരാണ് ഇതിന് പിന്നിൽ. പണ്ട് ഇ.എം.എസിനെപ്പോലും ഇത്തരക്കാർ കളിയാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമല കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്ത് കൊണ്ടുപോയതിനെ മന്ത്രി ചോദ്യം ചെയ്തു.

"ഉണ്ണികൃഷ്ണൻ പോറ്റിയെ എന്തിനാണ് സോണിയ ഗാന്ധിയുടെ അടുത്തേക്ക് കൊണ്ടുപോയത്? നിരന്തരം കൊണ്ടുപോകുമ്പോൾ ജനങ്ങൾക്ക് സംശയം തോന്നും. ഇതിൽ എന്തോ ഇടപാടുണ്ടെന്ന് വ്യക്തമാണ്. കോൺഗ്രസിനോടുള്ള ജനങ്ങളുടെ വിശ്വാസം ഇതിലൂടെ നഷ്ടമാകും," മന്ത്രി പറഞ്ഞു. കേസിൽ എസ്.ഐ.ടി എല്ലാ കഴിവും ഉപയോഗിച്ച് അന്വേഷിക്കട്ടെ. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, എം.എൽ.എ ഓഫീസ് തർക്കവുമായി ബന്ധപ്പെട്ട് കെ.എസ്. ശബരീനാഥൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽ യാതൊരു നീതിയുമില്ലെന്നും തെറ്റായ ധാരണയുടെ പുറത്താണ് ബഹളം വെക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com