കൊച്ചി : പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണു മരണപ്പെട്ടത്. കാണാതായ മാനന്തവാടി സ്വദേശി അർജുനായി (23) നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ തുടരുന്നത്.
ഇന്നു മൂന്നു മണിയോടെയാണു സംഭവം നടന്നത്. പിറവത്തിനടുത്ത് രാമമംഗലം അപ്പാട്ടുകടവിൽ കുളിക്കാന്‍ എത്തിയതായിരുന്നു ആൽബിനും അര്‍ജുനും മറ്റൊരു സുഹൃത്തായ ഫോർട്ടു കൊച്ചി സ്വദേശിയും. ആൽബിനും അർജുനും കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവർക്ക് നീന്തൽ അറിയില്ലായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തി നടത്തിയ തിരച്ചിലിൽ ആൽബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂവാറ്റുപുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഏതാനും ദിവസം മുമ്പാണ് മൂവരും ബിടെക് കോഴ്സ് പഠിച്ചിറങ്ങിയത്.