'നിർഭയയുമായി താരതമ്യം ചെയ്യേണ്ട, സ്ത്രീയുടെ ആത്മാഭിമാനം പ്രധാനമല്ലേ ?': പൾസർ സുനിയോട് കടുത്ത ഭാഷയിൽ കോടതി | Pulsar Suni

കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചത്
'നിർഭയയുമായി താരതമ്യം ചെയ്യേണ്ട, സ്ത്രീയുടെ ആത്മാഭിമാനം പ്രധാനമല്ലേ ?': പൾസർ സുനിയോട് കടുത്ത ഭാഷയിൽ കോടതി | Pulsar Suni
Updated on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, ശിക്ഷാവാദത്തിനിടെ കോടതിമുറിയിൽ നാടകീയ രംഗങ്ങൾ. ഒന്നാം പ്രതി പൾസർ സുനിയോട് (സുനിൽകുമാർ) കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചത്.(A woman's self-respect is important, Court tells Pulsar Suni in harsh language)

കുറഞ്ഞ ശിക്ഷ നൽകണമെന്ന സുനിയുടെ അഭിഭാഷകന്റെ ആവശ്യം തള്ളിക്കളഞ്ഞ കോടതി, പൾസർ സുനി ഈ കേസിലെ മറ്റു പ്രതികളെ പോലെയല്ലെന്ന് തുറന്നടിച്ചു. വാദം ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. "പൾസർ സുനിയല്ലേ കേസിലെ യഥാർത്ഥ പ്രതി? മറ്റ് പ്രതികൾ കൃത്യത്തിന് കൂട്ടുനിന്നവരല്ലേ?" കോടതി ചോദിച്ചു.

ഈ കേസിനെ ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന സുനിയുടെ അഭിഭാഷകന്റെ ആവശ്യത്തോട് കോടതി നീരസം പ്രകടിപ്പിച്ചു. "പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിത്. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണമായിരുന്നു" എന്നും കോടതി ചൂണ്ടിക്കാട്ടി.ഒരു തരത്തിലുമുള്ള കരുണ പൾസർ സുനിയോട് കാണിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചന നൽകിയായിരുന്നു കോടതിയുടെ പ്രതികരണങ്ങളെല്ലാം.

ഉച്ചയ്ക്ക് പതിനൊന്നരയോടെ ആറ് പ്രതികളെയും പ്രത്യേക സുരക്ഷയിൽ കോടതിയിലെത്തിച്ചു. വിധിക്ക് മുൻപായി പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ടു. മറ്റ് പ്രതികൾ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും പൾസർ സുനി ഭാവഭേദമില്ലാതെയാണ് നിന്നത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും ഭാവഭേദമില്ലാതെ സുനിൽ കോടതിയെ അറിയിച്ചു.

ഡ്രൈവർ മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. താൻ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാർട്ടിൻ ആവർത്തിച്ചു. ചെയ്യാത്ത തെറ്റിനാണ് താൻ ജയിലിൽ കഴിഞ്ഞതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും മാർട്ടിൻ കോടതിയോട് അപേക്ഷിച്ചു. മൂന്നാം പ്രതിയായ മണികണ്ഠൻ മനസ്സറിഞ്ഞ് തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളും മകനുമുണ്ടെന്നും ചൂണ്ടിക്കാട്ടി ദയ കാണിക്കണമെന്നും അപേക്ഷിച്ചു.

കുടുംബ പശ്ചാത്തലം പറഞ്ഞ് കുറഞ്ഞ ശിക്ഷയും കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവും നാലാം പ്രതിയായ വിജീഷ് ഉന്നയിച്ചു. വടിവാൾ സലിമും(അഞ്ചാം പ്രതി), പ്രദീപും (ആറാം പ്രതി) തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും കുടുംബാംഗങ്ങളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും പറഞ്ഞ് കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. ആറ് പ്രതികൾക്കുമുള്ള ശിക്ഷാവിധി ഇന്ന് മൂന്നരയ്ക്ക് ശേഷം ഉണ്ടാകും.

Related Stories

No stories found.
Times Kerala
timeskerala.com