
അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ജീപ്പിനുള്ളിൽ സുഖപ്രസവം. ഇടുക്കി ഇടമലക്കുടി സ്വദേശി ബിന്ദുവാണ് ജീപ്പിനുള്ളിൽ ആൺകുഞ്ഞിനെ പ്രസവിച്ചത്. അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.
പ്രസവ സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി ഒരാഴ്ച്ച മുമ്പാണ് ബിന്ദുവും കുടുംബവും മാങ്കുളം ആനക്കുളത്തെ വാടക വീട്ടിൽ താമസം ആരംഭിച്ചത്. ഈ മാസം 22ന് ആശുപത്രിയിലെത്താനായിരുന്നു നിർദേശം. ഇന്ന് ഉച്ചയോടെ യുവതിക്ക് പ്രസവവേദന ആരംഭിച്ചതോടെ മാതാപിതാക്കൾ ജീപ്പിൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടു. വിരിപാറയിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ബിന്ദു ജീപ്പിനുള്ളിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അമ്മ മീനാക്ഷിയാണ് പ്രസവ ശുശ്രൂഷകൾ നടത്തിയത്.