
തൃശൂർ: ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് പ്രീമിയം എ.സി. ബസിന്റെ മുൻഭാഗത്തെ ടയർ ഊരിപ്പോയി. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസിനാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30-ഓടെ ദേശീയപാതയിൽ ചാലക്കുടി ക്രിമിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ഡ്രൈവർ സമയോചിതമായി ഇടപെട്ട് ബസ് നിയന്ത്രണവിധേയമാക്കിയതിനാൽ വലിയ അപകടങ്ങൾ ഒഴിവായി. ബസിലുണ്ടായിരുന്ന 27 യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.