തിരുവനന്തപുരം: ബിജെപി പ്രതിനിധി വി.വി. രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ഔദ്യോഗികമായി ചുമതലയേറ്റു. 100 അംഗ കൗൺസിലിൽ 51 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. ചുമതലയേറ്റതിന് തൊട്ടുപിന്നാലെ, മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലത്തെ അഴിമതികളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ പരാതിയും പുതിയ മേയർക്ക് ലഭിച്ചു.(A thorough investigation is needed into the corruption during Arya Rajendran's time as mayor, VV Rajesh received the first complaint)
മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പരാതി നൽകിയത്. എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പ്, പിൻവാതിൽ നിയമനങ്ങൾക്കായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ച സംഭവം, കെട്ടിടനികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ്-മെയിന്റനൻസ് ക്രമക്കേടുകൾ എന്നിവയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
ബിജെപി സ്ഥാനാർത്ഥി വി.വി. രാജേഷിന് 51 വോട്ടും, യുഡിഎഫിന്റെ ശബരീനാഥിന് 17 വോട്ടും, എൽഡിഎഫിന്റെ ശിവജിക്ക് 29 വോട്ടും ലഭിച്ചു. ആർ. ശ്രീലേഖ ഒഴികെ മറ്റെല്ലാ അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തു. വോട്ടെടുപ്പിൽ ഒപ്പിട്ടതിലെ പിഴവ് മൂലം യുഡിഎഫ് അംഗങ്ങളായ കെ.ആർ. ക്ലീറ്റസ് (നന്ദൻകോട്), ലതിക (വെങ്ങാനൂർ) എന്നിവരുടെ വോട്ടുകൾ അസാധുവായി.
ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് ആരോപിച്ച് സിപിഎം കൗൺസിലർ എസ്.പി. ദീപക് രംഗത്തെത്തി. ദൈവനാമത്തിന് പകരം ബലിദാനികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തവരുടെ വോട്ടുകൾ കണക്കിലെടുക്കരുതെന്നും വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു. എന്നാൽ, സത്യപ്രതിജ്ഞാ വേളയിൽ തന്നെ പരാതി ഉന്നയിക്കാത്തതിനാൽ ബിജെപി അംഗങ്ങളുടെ അംഗത്വം റദ്ദാക്കാൻ കഴിയില്ലെന്ന് വരണാധികാരിയായ കളക്ടർ വ്യക്തമാക്കി. ഇതോടെ തർക്കങ്ങൾക്കിടയിലും ബിജെപി കോർപ്പറേഷൻ ഭരണം ഔദ്യോഗികമായി ആരംഭിച്ചു.