തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പിണറായി സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾക്കുള്ള മറുപടിയാണെന്ന് രമേശ് ചെന്നിത്തല. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ പോരാട്ടങ്ങൾ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ വിധി എന്നും അദ്ദേഹം പറഞ്ഞു.(A setback for the liquor lobby, Ramesh Chennithala reacts to the High Court verdict in the Elappully Brewery issue)
പുതിയ ബ്രൂവറികൾ വേണ്ടെന്ന 1999-ലെ നയനാർ സർക്കാരിന്റെ നയം മറികടന്ന്, മദ്യലോബിയുമായി ചേർന്ന് അതീവ രഹസ്യമായാണ് സർക്കാർ ഉത്തരവിറക്കിയത്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന എലപ്പുള്ളിയിൽ ബ്രൂവറി അനുവദിച്ചത് ജനദ്രോഹമാണ്. പ്ലാച്ചിമടയിലെ ഫാക്ടറി പൂട്ടിച്ചെന്ന് അവകാശപ്പെടുന്നവർ തന്നെയാണ് ഇത്രയും ജലം ആവശ്യമുള്ള ബ്രൂവറിക്ക് അനുമതി നൽകിയത്. യാതൊരു വിധത്തിലുള്ള ശാസ്ത്രീയ പഠനങ്ങളും നടത്താതെയാണ് സ്വകാര്യ കമ്പനിക്ക് പ്രതിവർഷം അഞ്ച് ലക്ഷം ഹെക്ടർ ലിറ്റർ ബിയർ ഉത്പ്പാദിപ്പിക്കാൻ സർക്കാർ അനുവാദം നൽകിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതി നിർദ്ദേശിച്ചതനുസരിച്ച് വീണ്ടും പഠനം നടത്തി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കുടിവെള്ളത്തിനായി വലയുന്ന കർഷകരെയും സാധാരണക്കാരെയും അണിനിരത്തി വൻ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.