

മാഹി: ആൾക്കൂട്ടങ്ങളില്ല, നീണ്ട പ്രസംഗങ്ങളില്ല, വേദി–ഗാലറി വേർതിരിവുകളുമില്ല — എഴുത്തുകാരുടെ തമ്മിലുള്ള തുറന്ന സംവാദവും വായനയും മാത്രം കേന്ദ്രമായ ഒരു സാഹിത്യസന്ധ്യ. റിവേറി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മാഹിയിൽ സംഘടിപ്പിച്ച ഈ എഴുത്ത് സംഗമം, മാഹിയുടെ സാംസ്കാരിക ചരിത്രത്തിൽ അപൂർവമായൊരു അനുഭവമായി മാറി.
പുതുച്ചേരി കലാ–സാംസ്കാരിക വകുപ്പും മാഹി അഡ്മിനിസ്ട്രേഷനും മാഹി നഗരസഭയും ചേർന്ന്, “അറബിയുടെ അമ്മ” നോവൽ വായനക്കൂട്ടത്തിന്റെ സഹകരണത്തോടെ മാഹി ഗവൺമെന്റ് ഹൗസിൽ സംഘടിപ്പിച്ച സാഹിത്യസായാഹ്നം, ഔപചാരിക ആഘോഷങ്ങളിൽ നിന്ന് മാറിനിന്ന സർഗ്ഗാത്മക കൂട്ടായ്മയായി ശ്രദ്ധ നേടി.
മലയാള സാഹിത്യത്തിലെ മുൻനിര എഴുത്തുകാരായ എം. മുകുന്ദൻ, സക്കറിയ, ബെന്യാമിൻ, ശിഹാബുദ്ദീൻ പൊയിത്തുംകടവ്, എസ്. ഹരീഷ്, ഷീല ടോമി, ലിജേഷ് കുമാർ, കെ.വി. സജയ്, വി.കെ. സുരേഷ്, ജിൻഷ ഗംഗ, താഹ മാടായി, ബിജു പുതുപ്പണം എന്നിവർ സംഗമത്തിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകരായ ശ്രീകാന്ത് കോട്ടക്കൽ, ടി. അജീഷ്, ഷിബു മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.
സാഹിത്യ ചർച്ചയ്ക്ക് മുൻപ് മാഹി ഗവൺമെന്റ് ഹൗസിലെ സെൻട്രൽ ഹാളിൽ നടന്ന സ്വാഗതയോഗത്തിൽ എം.എൽ.എ രമേഷ് പറമ്പത്ത്യും അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർയും ചേർന്ന് എഴുത്തുകാരെ ആദരിച്ചു. പരിപാടിയുടെ ഏകോപനം “അറബിയുടെ അമ്മ”യുടെ രചയിതാവായ മൻസൂർ പള്ളൂർ നിർവഹിച്ചു. അഡ്മിനിസ്ട്രേഷൻ സൂപ്രണ്ട് എ. പ്രവീൺ, സോമൻ പന്തക്കൽ, ഷിനോജ് സൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
തുടർന്ന്, എം. മുകുന്ദന്റെ “മയ്യക്ഷിപ്പുഴയുടെ തീരങ്ങളിൽ” എന്ന കൃതിയിലൂടെ മലയാള സാഹിത്യത്തിൽ അനശ്വരമായ മൂപ്പൻ സായിപ്പിന്റെ മാളിക മുറ്റത്ത്, വെള്ളിയാംകല്ലിന്റെ പ്രകാശത്തിൽ നടന്ന എഴുത്ത് സംഗമം അപൂർവ അനുഭവമായി. മയ്യഴിയിൽ സൂര്യൻ എരിഞ്ഞടങ്ങുന്ന സന്ധ്യയിൽ, ഹിൽ ടോപ്പിൽ വെച്ച് സക്കറിയ തന്റെ പ്രശസ്ത കഥ “ആത്മകഥ” സഹ എഴുത്തുകാർക്കുമുന്നിൽ വായിച്ചുകേൾപ്പിച്ചത് സന്ധ്യയ്ക്ക് ആഴമുള്ള മാനസിക താളം നൽകി.
തുടർന്ന് ബെന്യാമിൻ, എസ്. ഹരീഷ്, ഷീല ടോമി എന്നിവർ തങ്ങളുടെ എഴുത്തുയാത്രകളെയും സർഗ്ഗാനുഭവങ്ങളെയും കുറിച്ച് തുറന്ന മനസ്സോടെ പങ്കുവച്ചു. കാഴ്ചക്കാരില്ലാതെ, എഴുത്തുകാരൻ എഴുത്തുകാരനോടു സംസാരിക്കുന്ന ശുദ്ധ സാഹിത്യാത്മക ആശയത്തിലാണ് മുഴുവൻ പരിപാടിയും മുന്നേറിയത്.
ആൾക്കൂട്ടങ്ങളുടെ ആഘോഷ ശബ്ദങ്ങളില്ലാതെ, എഴുത്തിന്റെ നിശ്ശബ്ദ ശക്തി മാത്രം നിറഞ്ഞ ഈ സാഹിത്യസന്ധ്യ, മാഹിയുടെ സാംസ്കാരിക ഭൂപടത്തിൽ ദീർഘകാലം ഓർമ്മിക്കപ്പെടുന്ന ഒരു സൃഷ്ടിപര നിമിഷമായി മാറിയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.