തിരുവനന്തപുരം: വിഖ്യാത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള സമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു.
മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പിന്റെ പൂർണരൂപം......
"കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒന്നായിരുന്ന ശ്രീ എം. കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വർത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്.
കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നൽകിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകൻ, പണ്ഡിതനായ പ്രഭാഷകൻ, ജനകീയനായ പൊതുപ്രവർത്തകൻ, നിസ്വാർഥനായ സാമൂഹ്യ സേവകൻ, നിസ്വപക്ഷമുള്ള എഴുത്തുകാരൻ, സമാനതകളില്ലാത്ത സാഹിത്യനിരൂപകൻ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങൾ ധാരാളമുണ്ട്.
സാനുമാഷിന്റെ ജീവിതം ആരംഭിക്കുന്നത് വളരെ സാധാരണമായ ചുറ്റുപാടുകളിൽ നിന്നാണ്. അവിടെ നിന്നാണ് അദ്ദേഹം ലോകത്തോളം വളർന്നത്. ജീവിതത്തിൽ തനിക്കുണ്ടാകുന്ന വിഷമതകൾ തന്റെ മാത്രം വിഷമതകളല്ല എന്നും അതിൽ ലോകക്രമത്തിന്റെ സ്വാധീനമുണ്ട് എന്നും മനസ്സിലാക്കിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം.
സാനുമാഷിന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത് അധ്യാപന ജീവിതത്തോടുകൂടിയാണ്. കുട്ടികളോടുള്ള പ്രത്യേക വാത്സല്യം അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനായി അദ്ദേഹത്തെ മാറ്റി. സ്‌കൂൾ അധ്യാപകനായി ചേർന്ന ശേഷം പിന്നീട് കോളേജ് അധ്യാപന രംഗത്ത് അദ്ദേഹം എത്തിച്ചേരുകയുണ്ടായി. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു അദ്ദേഹം.
എന്റെ വിദ്യാർഥി ജീവിതകാലത്തിനു ശേഷമാണ് കുറച്ചുകാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ദേഹം അധ്യാപകനായി എത്തുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. വിദ്യാർഥികളെയും യുവാക്കളെയും പോലീസ് തല്ലിച്ചതയ്ക്കുന്ന സന്ദർഭങ്ങളിൽ വേദനിക്കുന്ന സാനുമാഷിനെ ഞാൻ കണ്ടിട്ടുണ്ട്. ശരിക്കും മാനവികതയിലൂന്നിയ സമഭാവ ദർശനം എന്തെന്നു പഠിക്കാനുതകുന്ന പാഠപുസ്തകം കൂടിയായിരുന്നു ആ ജീവിതം.
പിൽക്കാലത്ത് വ്യക്തിപരമായി നല്ല നിലയിലുള്ള അടുപ്പം ഞങ്ങൾ തമ്മിലുണ്ടായി. എറണാകുളം നിയമസഭാ മണ്ഡലത്തിൽ അദ്ദേഹം നേടിയ വിജയം ശ്രദ്ധാർഹമായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർഥികളും സഹപ്രവർത്തകരുമായിരുന്നവരുടെ വലിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് സമയത്ത് അവിടെ കണ്ടത്. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെടുകയും വിനയത്തോടെ മാത്രം പെരുമാറുകയും അതേസമയം സ്വന്തം നിലപാടുകൾ തുറന്നുപറയുകയും ചെയ്യുന്ന ഒരു പ്രത്യേക രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നിയമസഭാംഗമായി നാലുവർഷം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിൽ കേൾക്കാനും അവ മന്ത്രിമാരുടെയും ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാനും അദ്ദേഹം സദാ ജാഗരൂകനായിരുന്നു.
ശ്രീനാരായണ ദർശനത്തോടൊപ്പം മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്വങ്ങളിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളും സമൂഹത്തെ മുന്നോട്ടുനയിക്കാനും പുതിയൊരു സമൂഹം കെട്ടിപ്പടുക്കാനും സഹായകമാകുമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. ആ ആശയത്തെ എക്കാലവും അദ്ദേഹം മുറുകെ പിടിച്ചു.
ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു സാനുമാഷിന്റേത്. താൻ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേർക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു".