മലപ്പുറം : കനത്ത കാറ്റിൽ മലപ്പുറത്ത് സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. കുഴിപ്പുറം ഗവൺമെൻറ് യു പി സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗമാണ് അടർന്നുവീണത്.അപകടത്തിൽ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിയിഴയ്ക്കാണ്.
ഇന്ന് രാവിലെ 11 മണിക്ക് ഉണ്ടായ കനത്ത കാറ്റിലാണ് സ്കൂളിന്റെ മേൽക്കൂരയുടെ ചെറിയ ഭാഗം മുറ്റത്തേക്ക് അടർന്നുവീണത്. ഈ സമയത്ത് കുട്ടികൾ പരീക്ഷയെഴുതാൻ ക്ലാസ്സിൽ കയറിയിരുന്നു.അതിനാൽ വലിയ അപകടം ഒഴിവായി.
സ്കൂൾ കെട്ടിടത്തിന്റെ രണ്ട് നിലയും കോൺക്രീറ്റ് ആണ്. എന്നാൽ അതിന്റെ മുകളിലുണ്ടായ ചോർച്ച തടയാനായാണ് ഷീറ്റുകൾ സ്ഥാപിച്ചിരുന്നത്.പക്ഷെ ഇത് ജീർണിച്ച അവസ്ഥയിലാണ് ഉള്ളതെന്നും എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും പറപ്പൂർ പഞ്ചായത്തിനോട് തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ നടപടി ഉണ്ടായില്ല.