

പാലക്കാട്: തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസിൽ വെള്ളം ചോദിച്ച യാത്രക്കാരന്റെ മേൽ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേറ്റ സംഭവത്തിൽ പാന്റ്രി ജീവനക്കാരൻ അറസ്റ്റിൽ. മുംബൈ സ്വദേശിയായ അഭിഷേക് ബാബുവിനാണ് (24) പൊള്ളലേറ്റത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
മുംബൈയിൽ നിന്ന് തൃശൂരിലെ തൃപ്രയാറിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു അഭിഷേക് ബാബുവും മറ്റ് ആറ് സുഹൃത്തുക്കളും. രാത്രിയിൽ കൈവശമുണ്ടായിരുന്ന വെള്ളം തീർന്നപ്പോൾ യുവാക്കൾ പാൻട്രികാറിലേക്ക് പോകുന്നു. വെള്ളത്തിനായി 200 രൂപ നൽകിയപ്പോൾ, 15 രൂപ ചില്ലറയായി കൊണ്ടുവരാൻ പാൻട്രി കാർ മാനേജർ ആവശ്യപ്പെട്ടു. ഇതാണ് ജീവനക്കാരും യുവാക്കളും തമ്മിലുള്ള വാക്കുതർക്കത്തിന് തുടക്കമിട്ടത്.
തർക്കത്തിനുശേഷം സീറ്റിലേക്ക് മടങ്ങിയ യുവാക്കൾക്ക് കണ്ണടയും തൊപ്പിയും പാൻട്രി കാറിൽ മറന്നുപോയതായി മനസ്സിലായി. ഇത് എടുക്കാൻ വേണ്ടി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും പാൻട്രിയിൽ ചെന്നപ്പോൾ, പാൻട്രി കാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങ് ബക്കറ്റിൽ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിൻ്റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. അഭിഷേക് ബാബുവിൻ്റെ മുതുകിനും കാലിനുമാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂട്ടത്തിലുണ്ടായിരുന്ന മലയാളിയായ ഹാഷിഷ് റെയിൽവേ പൊലിസിനെ വിവരം അറിയിച്ചു. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ, പാന്റ്രി കാർ മാനേജർ രാഘവേന്ദ്ര സിംഗിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: A pantry car worker has been arrested in connection with an incident on the Netravati Express bound for Thiruvananthapuram, where he allegedly poured boiling water on a passenger following an argument over asking for water.