തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉന്നതർ ഓരോരുത്തരായി കുടുങ്ങുമ്പോൾ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നടത്തിയ മുൻകാല പ്രതികരണങ്ങൾ ശ്രദ്ധേയമാകുന്നു. ശബരിമലയിൽ നിന്ന് മോഷ്ടിക്കുന്നവർക്ക് രക്ഷപ്പെടാനാവില്ലെന്നും തങ്ങൾ ദൈവതുല്യം കാണുന്നവർ പോലും തട്ടിപ്പിന്റെ ഭാഗമായതിൽ ഖേദമുണ്ടെന്നുമാണ് പത്മകുമാർ പറഞ്ഞിരുന്നത്.(A Padmakumar's words spark discussion following the arrest of the Tantri in Sabarimala gold theft case )
ഭരണകൂടത്തിന്റെയും ഭക്തരുടെയും 'ഗുഡ്ബുക്കിൽ' ഉള്ളവർ പോലും സ്വർണ്ണക്കവർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പത്മകുമാറിന്റെ വാക്കുകൾ തന്ത്രിയുടെ അറസ്റ്റോടെ അന്വർത്ഥമായിരിക്കുകയാണ്. തന്റെ ഭരണകാലത്ത് നടന്ന സംഭവമായതിനാൽ, വിശ്വസിച്ചു കൂടെ നിർത്തിയവർ തന്നെ ചതിച്ചതിലുള്ള നിരാശയാണ് പത്മകുമാർ പ്രകടിപ്പിച്ചിരുന്നത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വമ്പൻ സ്രാവുകളാണ് ഇതുവരെ വലയിലായിട്ടുള്ളത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര്ക്ക് പുറമെ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും ശബരിമലയിലെ മുഖ്യ സ്‌പോൺസറുമായ ഉണ്ണികൃഷ്ണൻ പോറ്റി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി എന്നിവരെയും അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. കൂടാതെ നിരവധി ദേവസ്വം ഉദ്യോഗസ്ഥരും കേസിൽ നടപടി നേരിടുന്നുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ കരുതലോടെയുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഓരോ ഘട്ടത്തിലും പ്രതികരണം നടത്തുന്നത് ശരിയല്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
സ്വർണക്കൊള്ള കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത് എന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന് നടപടികൾ സ്വീകരിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. കോടതി നിർദ്ദേശപ്രകാരമാണ് എസ്.ഐ.ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 4 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരായ തന്ത്രിയെ 10 മണിക്കൂർ നീണ്ട നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് 2:30-ഓടെയാണ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണ തട്ടിപ്പ് നടത്തുന്ന വിവരം ഇദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് തെളിവുകൾ ലഭിച്ചുവെന്നും സൂചനകളുണ്ട്. അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. അറസ്റ്റ് നടപടികൾക്ക് ശേഷം അദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റി. അതീവ രഹസ്യമായി നീങ്ങിയ അന്വേഷണ സംഘം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്.
ശബരിമല തന്ത്രി അറസ്റ്റിലാകുന്നത് ക്ഷേത്ര ചരിത്രത്തിൽ തന്നെ അപൂർവ്വമായ സംഭവമാണ്. പോറ്റിക്കായി വാതിൽ തുറന്നത് തന്ത്രിയാണ് എന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കടത്തുന്ന വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്ന് കണ്ടെത്തി. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണ്. സ്വർണം പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്ന തന്ത്രിയുടെ വാദം അന്വേഷണ സംഘം തള്ളി.
എ. പത്മകുമാറിന്റെ ജാമ്യഹർജി പരിഗണിച്ച വേളയിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ച് കോടതിയിൽ സൂചന നൽകാതിരിക്കാൻ എസ് ഐ ടി ശ്രദ്ധിച്ചിരുന്നു. തന്ത്രി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത് തടയാനായിരുന്നു ഈ രഹസ്യനീക്കം. ശ്രീകോവിലിനുള്ളിലെ പണികൾക്കും സ്വർണം കൈകാര്യം ചെയ്യുന്നതിനും തന്ത്രിയുടെ അനുമതി നിർബന്ധമാണ്. സ്പോൺസർഷിപ്പുകളുടെ മറവിൽ നടന്ന ചില ഇടപാടുകളിൽ തന്ത്രി നൽകിയ അനുമതികൾ കൃത്രിമമാണെന്ന് പോലീസ് സംശയിക്കുന്നു.
തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന വ്യക്തിയായതിനാൽ, അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും ശ്രീകോവിൽ വാതിലുകളിലും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന കണ്ടെത്തലിനെത്തുടർന്ന് ഇഡി കേസെടുത്തു. ഇ സി ഐ ആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അന്വേഷണത്തിന് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വിവിധ ഘട്ടങ്ങളിലെ സ്വർണ്ണപ്പണികൾ ഉൾപ്പെടുത്തി ഒറ്റ കേസായി ആയിരിക്കും ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്.ഐ.ആറിലുള്ള എല്ലാ പ്രതികളെയും ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണപ്പണി ഏറ്റെടുത്ത കരാറുകാർ മുതൽ ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർ വരെ അന്വേഷണ പരിധിയിൽ വരും.