തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57-കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.(A native of Attingal lost his life to amoebic encephalitis in Kerala)
പ്രമേഹരോഗിയായ ഇദ്ദേഹം കാലിന് പരുക്കേറ്റാണ് ഒരു മാസം മുൻപ് ചികിത്സ തേടിയെത്തിയത്. ഒരാഴ്ച മുൻപ് ചികിത്സയിലിരിക്കെ പനി ബാധിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
ഈ മാസം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്. ഏഴ് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വർഷം ഇതുവരെ 160 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 36 മരണങ്ങൾ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ചയാളുടെ വീടും പരിസരവും ആരോഗ്യ പ്രവർത്തകർ എത്തി ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണിത്.
97 ശതമാനത്തിലധികം മരണനിരക്കുള്ള മാരക രോഗമാണിത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.